കൊല്ലം: ആറുവയസ്സുകാരിയെ ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഇപ്പോൾ സ്റ്റഡിയിലുള്ള
ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി (45), മകൾ പി.അനുപമ (20) എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്പെഷൽ സ്ക്വാഡ് ഇന്നലെയാണ് പ്രതികളെ പിടികൂടിയത്.
ഏകദേശം പത്ത് മണിക്കുറിലധികം കെ.ആർ.പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി മൂന്നാം ബറ്റാലിയൻ ക്യാംപില്‍ വച്ചു ചോദ്യം ചെയ്തു. എഡിജിപിയും ഡിഐജിയും ക്യാംപിൽ തന്നെ തുടരുകയാണ്.
കുട്ടിയുടെ കുടുംബവുമായി പത്മകുമാറിനു പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടുപോകലിനു മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ? കുറ്റകൃത്യത്തിൽ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത കിട്ടിയതിന് ശേഷമേ പോലീസ് ഔദ്യോഗിക വിവരങ്ങൾ പുറത്ത് വിടുകയുള്ളു. ഇന്നലെ രാത്രി എഡിജിപി നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റിയതും ഇക്കാരണങ്ങളാലാണ്.