പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം ആളംതുരുത്തിൽ കിടക്ക നിർമാണശാലക്ക് തീപിടിച്ചു. എറിയാട് സ്വദേശി നിസാറിന്റെ ഉടമസ്ഥതയിലുള്ള പെർഫെക്ട് മാറ്റ്റസ് എന്ന സ്ഥാപനത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അഗ്നിബാധയുണ്ടായത്.
പത്തുവർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അഞ്ച് സ്ഥിരം ജീവനക്കാരും പ്രദേശവാസികളായ നിരവധി സ്ത്രീ തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. എന്നാൽ, സ്ഥാപനത്തിലെ ജീവനക്കാരന്റെ വിവാഹമായതിനാൽ അന്തർസംസ്ഥാന തൊഴിലാളിയായ ഒരു ജീവനക്കാരൻ മാത്രമാണ് തീപിടിത്തസമയത്ത് കമ്പനിയിൽ ഉണ്ടായിരുന്നത്.