സ്വതന്ത്ര മാധ്യമങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യം അപകടത്തിലാകുമെന്ന വിലയിരുത്തലുമായി ‘ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് രാജ്യത്തെ മാറുന്ന മാധ്യമ രംഗം’- സെമിനാര്‍. സാങ്കേതികവിദ്യയുടെ വികാസത്തെ തുടര്‍ന്ന് വാര്‍ത്തകളുടെ ഫില്‍റ്ററിംഗ് പ്രക്രിയ കുറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം കുറയ്ക്കുകയല്ല സ്വയം നിയന്ത്രണമാണ് ആവശ്യം. ഒറ്റ ശ്വാസത്തില്‍ ജനാധിപത്യം എന്ന് പറയുമ്പോള്‍ മറു ശ്വാസത്തില്‍ മാധ്യമസ്വാതന്ത്ര്യം എന്ന് പറയാനാകണമെന്നും സെമിനാര്‍ വിലയിരുത്തി. ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്നതിന് മുന്‍പ് സ്വയം ബോധ്യപ്പെടണം.
വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ക്ക് പ്രേക്ഷക പിന്തുണ ലഭിക്കുന്ന സാഹചര്യമുണ്ട്. പണം നല്‍കി നല്ല കണ്ടെന്റുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
സ്വതന്ത്ര മാധ്യമങ്ങളില്ലാത്ത രാജ്യത്തെ ജനാധിപത്യ രാജ്യം എന്ന് വിളിക്കാമോ എന്ന ആശങ്കയാണ് സെമിനാറില്‍ ഉയര്‍ന്നത്. മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും നടക്കുന്ന അടിച്ചമര്‍ത്തല്‍ ശ്രമങ്ങളെ അടിയന്തരാവസ്ഥയ്ക്ക് തുല്യം എന്നാണ് സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.
ലോകമാധ്യമങ്ങള്‍ എന്നറിയപ്പെടുന്ന വിരലിലെണ്ണാവുന്ന മാധ്യമ സ്ഥാപനങ്ങള്‍ പാതി സത്യം മാത്രമാണ് പുറത്തുവിടുന്നത് എന്നു പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സുകള്‍ എടുത്തുകൊണ്ടു പോകുന്നതിനെയും മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെയും സെമിനാര്‍ അപലപിച്ചു. മാധ്യമ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം എന്ന് സെമിനാര്‍ വിലയിരുത്തി. മാധ്യമസ്വാതന്ത്ര്യത്തില്‍ കേരളം ഏറെ മുന്നിലുമാണ്.
കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. എതിര്‍ ശബ്ദങ്ങള്‍ ഇല്ലാത്ത ജനസമൂഹമായി ഇന്ത്യയെ മാറ്റുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എതിര്‍ ശബ്ദങ്ങള്‍ക്ക് ഒരു സാധ്യതയും ഇല്ലാത്ത സ്ഥിതി മാധ്യമലോകത്ത് സൃഷ്ടിക്കുകയാണ് ഇന്ത്യയിലെ ഭരണവര്‍ഗം. നാം എന്തു ചിന്തിക്കണം എന്തു പ്രവര്‍ത്തിക്കണം എന്ന് അധികാരി വര്‍ഗം തീരുമാനിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ കേരളം മാധ്യമ സ്വാതന്ത്ര്യത്തില്‍ മുന്നിലാണ്. കേരളത്തിനു മഹത്തായ മാധ്യമ ചരിത്രമുണ്ട്. മഹത്തായ നിരവധി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജന്മം നല്‍കിയ നാടുമാണ് കേരളം.
തമസ്‌കരിക്കാന്‍ ശ്രമിക്കുന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുന്ന സ്ഥിതിയാണ് ഇന്ന്. എല്ലാവരും മാധ്യമ പ്രവര്‍ത്തകരായി മാറുന്ന കാലത്ത് നിര്‍മിത ബുദ്ധി പോലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് എന്തും ചെയ്യാനാകും. എല്ലാവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട കാലമാണിതെന്നും മന്ത്രി പറഞ്ഞു
ജോണ്‍ ബ്രിട്ടാസ് എം. പി. മോഡറേറ്ററായി. ബിസിനസ് രംഗത്തെ സ്ഥാപനങ്ങള്‍ മാധ്യമ സംരംഭങ്ങള്‍ ആരംഭിക്കരുതെന്ന് പ്രസ് കമ്മീഷനുകള്‍ ശുപാര്‍ശ ചെയ്തിരുന്നു.എന്നാല്‍ ഇന്ന് ഭൂരിഭാഗം മാധ്യമങ്ങളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നതന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന മാധ്യമങ്ങളുടെ വാ അടപ്പിക്കുന്ന സമീപനമാണ് ന്യൂസ് ക്ലിക്ക് പോലുള്ള സംഭവങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. മാധ്യമ മേഖലയിലെ മാറ്റങ്ങള്‍ ജനാധിപത്യ സമൂഹം എങ്ങനെ സ്വീകരിക്കുന്നു എന്നത് ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് വിഷയാവതരണം നടത്തി. മലയാള മാധ്യമ മേഖലയുടെ ചരിത്രത്തിലെ നാള്‍വഴികള്‍ അദ്ദേഹം അവതരിപ്പിച്ചു. ആരോഗ്യ സംരക്ഷണം, സാക്ഷരത, ഭരണം, സുസ്ഥിര വികസനം എന്നിവയിലെ ശ്രദ്ധേയമായ സൂചികകളാല്‍ കേരളം മാറി. പക്ഷപാത രഹിതമായ മാധ്യമ പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.