കേരളം പിറവിയെടുത്തിട്ട് അറുപത്തിയേഴ് വർഷങ്ങൾ. പ്രളയവും കൊവിഡും നിപയും കാലാവസ്ഥ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയുമൊക്കെ മറികടന്ന് മുന്നോട്ട് കുതിക്കാനുള്ള ശ്രമത്തിലാണ് കേരളം. ഇന്ത്യ സ്വതന്ത്രമായ ശേഷം ഒൻപത് വർഷങ്ങൾ കഴിഞ്ഞാണ് ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപീകൃതമാകുന്നത്.
തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികെയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർകോട് താലൂക്കും ലയിപ്പിച്ചാണ് കേരളം രൂപീകരിക്കുന്നത്. കാസർകോട് കേരളത്തിന്‍റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്ന ചില സ്ഥലങ്ങൾ തമിഴ്‌നാടിന് കൈമാറി. അങ്ങനെ 1956 നവംബർ ഒന്നിനാണ് കേരളം രൂപീകൃതമായത്.