Asian Metro News

നിപ വ്യാപനം തടയാൻ ശാസ്ത്രീയ മുൻകരുതലുകൾ, കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യം: മുഖ്യമന്ത്രി

 Breaking News

നിപ വ്യാപനം തടയാൻ ശാസ്ത്രീയ മുൻകരുതലുകൾ, കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യം: മുഖ്യമന്ത്രി

നിപ വ്യാപനം തടയാൻ ശാസ്ത്രീയ മുൻകരുതലുകൾ, കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യം: മുഖ്യമന്ത്രി
September 20
11:18 2023

നിപ രോഗബാധ പ്രതിരോധിക്കുന്നതിനു സംസ്ഥാന സർക്കാർ ജാഗ്രതയോടെയുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും ഇക്കാര്യത്തിൽ കൂട്ടായ പരിശ്രമവും സഹകരണവും അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിപ ഭീഷണി ഒഴിഞ്ഞുപോയെന്നു പറയാനാവില്ല. കൂടുതൽ പേരിലേക്ക് രോഗം പടർന്നിട്ടില്ലെന്നത് ആശ്വാസകരമാണ്. വ്യാപനം തടയുന്നതിനും രോഗബാധിതരായവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും സംസ്ഥാനത്തെ മുഴുവൻ ആരോഗ്യസംവിധാനവും നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. കോഴിക്കോട് ജില്ലയിലും കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലും നിപ വ്യാപനം തടയാൻ  ശാസ്ത്രീയ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിപ തുടക്കത്തിൽതന്നെ കണ്ടെത്താനായതുകൊണ്ടാണു കൂടുതൽ അപകടകരമായ സാഹചര്യം ഒഴിവായതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അസ്വാഭാവികമായ പനി ശ്രദ്ധയിൽപ്പെട്ടയുടനെ സർക്കാർ ഇടപെട്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. നിപ ആക്ഷൻ പ്ലാൻ ഉണ്ടാക്കുകയും 19 ടീമുകൾ ഉൾപ്പെട്ട നിപ കോർ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.

കോഴിക്കോട് ഗവ: ഗസ്റ്റ് ഹൗസിൽ നിപ കൺട്രോൾ റൂം സജ്ജമാക്കി. കോൾ സെന്റർ തുറന്ന് ആരോഗ്യവകുപ്പിന്റെ ‘ദിശ’ സേവനവുമായി ബന്ധിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ സൗകര്യവും, ഐ.സി.യു വെൻറിലേറ്റർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തി. ആരോഗ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തിയാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മേഖലയിൽ നിന്നുള്ള മറ്റ് മന്ത്രിമാരും എം.എൽ.എമാരും പഞ്ചായത്ത് പ്രസിഡന്റുമാരും ഈ പ്രവർത്തനങ്ങളിലാകെ നേതൃത്വപരമായ പങ്കുവഹിച്ചു.

1286 പേരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അവരിൽ 276 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. 122 പേർ രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. 118 പേർ ആരോഗ്യ പ്രവർത്തകരാണ്. 994 പേർ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണമുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ഇതിൽ 267 പേരുടെ പരിശോധനാഫലമാണ് വന്നത്. ആറു പേരുടെ ഫലമാണ് ഇതിൽ പോസിറ്റീവ് ആയിട്ടുള്ളത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇപ്പോൾ ഒമ്പതു പേരാണ് ഐസൊലേഷനിലുള്ളത്. നിപ രോഗപ്രതിരോധത്തിനും  ചികിത്സയ്ക്കുമായി എല്ലാ ക്രമീകരണങ്ങളും  ഒരുക്കിയിട്ടുണ്ട്. മതിയായ ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്. മരുന്നുകളുടെയും, നിപ പ്രതിരോധ സാമഗ്രികളുടെയും ലഭ്യത  ഉറപ്പുവരുത്തിയിട്ടുണ്ട്.     

ഐസൊലേഷനിലുള്ളവരെ സഹായിക്കാനായി വോളന്റിയർ സേവനം ലഭ്യമാക്കുന്നുണ്ട്. വാർഡ് തിരിച്ചു പ്രാദേശികമായി സന്നദ്ധപ്രവർത്തകരുടെ ടീമിനെ സജ്ജീകരിക്കുകയാണ്. പഞ്ചായത്ത് നിശ്ചയിക്കുന്നവരാണ് വൊളണ്ടിയർമാർ ആകുന്നത്. പൊലീസിന്റെ പ്രത്യേക ശ്രദ്ധയും ഉറപ്പാക്കുന്നുണ്ട്. രോഗനിർണയത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മൈക്രോ ബയോളജി ലാബിലും തോന്നക്കലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ലാബിലും തുടർന്നും പരിശോധന നടത്തും. സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നാണു കണക്കാക്കുന്നത്.

നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിച്ചിട്ടുണ്ട്. പ്രാഥമിക, ദ്വിതീയ സമ്പർക്ക പട്ടികയിലുള്ളവർക്ക് ഉണ്ടായേക്കാവുന്ന മാനസിക പിരിമുറുക്കം, ഉൽക്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും അവരുടെ ബന്ധുക്കൾക്ക് ഉണ്ടാകുന്ന ആശങ്കയും കണക്കിലെടുത്താണു സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം മാനസികാരോഗ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട കുഞ്ഞുങ്ങൾക്ക് പ്രത്യേക മാനസിക പിന്തുണ ഉറപ്പാക്കുന്നുണ്ട്. 1193 കോളുകൾ കോൾ സെൻററിൽ ലഭിച്ചു. 1099 പേർക്ക് മാനസിക പിന്തുണയും കൗൺസിലിങും നൽകി. ഇ-സഞ്ജീവനി ടെലിമെഡിസിൻ സേവനം തുടർന്നുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment