അരിക്കൊമ്പൻ പോയപ്പോൾ വീടുകയറി അരിക്കായി പരാക്രമം നടത്തി കാട്ടാന പടയപ്പ

മറയൂർ: അരിക്കൊമ്പൻ പോയപ്പോൾ വീടുകയറി അരിക്കായി പരാക്രമം നടത്തി കാട്ടാന പടയപ്പ. പാമ്പന്മലയിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയത്തിനുള്ളിൽ കയറിയാണ് പടയപ്പ ഒരു രാത്രി മുഴുവനും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഒരു വീടിന്റെ വാതിലും ജനലും പൊളിച്ച പടയപ്പ വീട്ടിൽ നിന്നും ഒരു ചാക്ക് അരിയും തിന്നാണു മടങ്ങിയത്.
രാജേന്ദ്രൻ, കറുപ്പസ്വാമി എന്നിവരുടെ വീടുകളാണു പടയപ്പ തകർത്തത്. രാത്രി ലയത്തിനു സമീപമെത്തിയ കൊമ്പൻ അഞ്ചോളം വീടുകളുടെ മുന്നിലെത്തി ഭക്ഷ്യസാധനങ്ങൾക്കു വേണ്ടി മണം പിടിച്ചു. കറുപ്പസ്വാമിയുടെ വീടിന്റെ വാതിൽ പൊളിച്ചെങ്കിലും അകത്തുനിന്ന് ഒന്നും കിട്ടിയില്ല. പിന്നീടു രാജേന്ദ്രന്റെ വീട്ടിലെത്തി ജനലും വാതിലും പൊളിച്ച് അരിച്ചാക്കെടുത്ത് മുറ്റത്തിട്ടു തിന്നു.
ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണു തൊഴിലാളികൾ കൊമ്പനെ ഓടിച്ചത്. കറുപ്പസ്വാമിയുടെ വീട്ടിൽ സംഭവസമയത്ത് 6 പേരുണ്ടായിരുന്നു. രാജേന്ദ്രനും കുടുംബവും സ്ഥലത്തില്ലായിരുന്നു.
There are no comments at the moment, do you want to add one?
Write a comment