തോട്ടപ്പള്ളി പൊഴിയുടെ വീതി അടിയന്തിരമായി കൂട്ടി കടലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കാന്‍ മന്ത്രിതല യോഗത്തില്‍ കര്‍ശന നിര്‍ദേശം.

മഴ ശക്തി പ്രാപിക്കുകയും കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴിയുടെ വീതി അടിയന്തിരമായി കൂട്ടി കടലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കാന്‍ മന്ത്രിതല യോഗത്തില്‍ കര്‍ശന നിര്‍ദേശം. ജില്ലയിലെ മഴക്കാലക്കെടുതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലയുടെ ചുമതലയുള്ള കൃഷി മന്ത്രി പി. പ്രസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ പങ്കെടുത്തു. ആവശ്യമുള്ള ഇടങ്ങളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും അവിടേക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കാനും ജില്ല കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
നിലവില്‍ തോട്ടപ്പള്ളി, അന്ധകാരനഴി പൊഴികള്‍ മുറിച്ച് വെള്ളം കടലിലേക്ക് വിടുന്നുണ്ട്. ഇത്തരത്തില്‍ ഒഴുക്കി കളയുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിക്കാനാണ് പൊഴി മുഖത്തിന്റെ വീതി കൂട്ടുന്നത്. ഇതിലൂടെ മാത്രമേ കുട്ടനാട്, അപ്പര്‍ കുട്ടനാട് പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാനും കൃഷി സംരക്ഷിക്കാനും സാധിക്കൂവെന്ന് യോഗം വിലയിരുത്തി.
ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ പലയിടങ്ങളിലും റോഡിന്റെ വശത്ത് കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കാന്‍ ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും മന്ത്രി പി. പ്രസാദ് നിര്‍ദേശം നല്‍കി. വെള്ളം ഒഴുകി പോകുന്നതിനായി താത്ക്കാലിക ഡ്രെയിനേജ് സംവിധാനം ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ പ്രവൃത്തി വേഗത്തില്‍ നടപ്പാക്കുന്നെന്ന് ഉറപ്പാക്കാനായി ഡെപ്യൂട്ടി തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. കടലേറ്റം രൂക്ഷമായ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പത്തിശ്ശേരി, ഒറ്റമശ്ശേരി എന്നിവിടങ്ങളില്‍ ഉടന്‍ തന്നെ ജിയോ ബാഗ് സ്ഥാപിക്കണം. സാധ്യമായ സ്ഥലങ്ങളില്‍ ടെട്രാപോഡുകള്‍ നിരത്തി വീടുകള്‍ക്കും മറ്റും കടല്‍ക്ഷോഭത്തില്‍ നിന്നും സംരക്ഷണം ഒരുക്കണമെന്നും മന്ത്രി പി. പ്രസാദ് ജലസേചന വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനം നിര്‍ദേശം നല്‍കി.
മുന്‍ വര്‍ഷങ്ങളില്‍ പ്രളയം ഉണ്ടായത് മുന്നില്‍ കണ്ട് തോട്ടപ്പള്ളിയിലേക്കുള്ള ലീഡിംഗ് ചാനലിലെ തടസങ്ങള്‍ അടിയന്തരമായി നീക്കണമെന്ന് മന്ത്രി സജി ചെറിയാന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. പൊഴി മുറിക്കല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണം. പാണ്ടി, പെരുമാങ്കര എന്നീ പാലങ്ങള്‍ക്കടിയില്‍ മാലിന്യം അടിഞ്ഞ് കൂടി നീരൊഴുക്ക് തടസപ്പെടുന്നുണ്ട്. ഈ പ്രശ്‌നം എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് മന്ത്രി ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ലീഡിംഗ് ചാനലിലെ എക്കല്‍ നീക്കി നീരൊഴുക്ക് സുഗമമാക്കണം. എന്നാല്‍ മാത്രമേ പമ്പ, അച്ചന്‍കോവില്‍, മണിമല തുടങ്ങിയ ആറുകളിലൂടെ കിഴക്കി നിന്നും ഒഴുകയെത്തുന്ന വെള്ളം സുഗമമായ കടലിലേക്ക് ഒഴുക്കി വിടാനാകൂ. ഇതില്‍ വീഴ്ച വരുത്തരുത്. മുന്‍കാല അനുഭവങ്ങള്‍ മനസിലാക്കി വളരെ ജാഗ്രതയോടെ യുദ്ധകാലാടിസ്ഥാനത്തില്‍ വേണം പ്രവര്‍ത്തനങ്ങള്‍ നടത്താനെന്നും മന്ത്രി നിര്‍ദേശിച്ചു.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എ.എം. ആരിഫ് എം.പി., എം.എല്‍.എ.മാരായ യു. പ്രതിഭ, രമേശ് ചെന്നിത്തല, എം.എസ്. അരുണ്‍കുമാര്‍, എച്ച്. സലാം, തോമസ് കെ. തോമസ്, ദലീമ ജോജോ, ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ദേശീയ പാതയില്‍ കെട്ടികിടക്കുന്ന വെള്ളം അടിയന്തിരമായി പരിഹരിക്കണമെന്ന് എം.പി. നിര്‍ദേശിച്ചു. റോഡരികിലും സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് മുകളിലേക്കും അപകടകരമായ രീതിയില്‍ നില്‍ക്കുന്ന മരങ്ങളും ചില്ലകളും ഉടന്‍ വെട്ടിമാറ്റണമെന്ന് എം.എല്‍.എ.മാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വൈദ്യുതി, ജലം എന്നിവ തടസമില്ലാതെ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കണം. ദേശീയപാതയോരത്തെ സ്‌കൂളുകള്‍ക്ക് മുന്‍പിലുള്ള ചതുപ്പ് ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം. ജലയാശയങ്ങളിലെ പോള നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്നും എം.എല്‍.എ.മാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാകാനും യോഗം തീരുമാനിച്ചു.
There are no comments at the moment, do you want to add one?
Write a comment