വിയറ്റ്‌നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് തുടങ്ങുമെന്ന് വിയറ്റ്‌നാം അംബാസിഡർ

വിയറ്റ്‌നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് തുടങ്ങുമെന്ന് ഇന്ത്യയിലെ വിയറ്റ്‌നാം അംബാസിഡർ ന്യൂയെൻ തൻ ഹായ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിയറ്റ്‌നാമിലേക്ക് കേരളത്തിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുന്നത് വിവിധ മേഖലകളിൽ സ്ഥിതി ചെയ്യുന്ന രണ്ട് പ്രദേശങ്ങൾക്കും ഗുണകരമാകുമെന്ന് അംബാസിഡർ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ നിന്നും വിയറ്റ്‌നാം സിറ്റിയായ ഹോ ചിമിനിലേക്ക് ഡയറക്ട് ഫ്ലൈറ്റ് ആരംഭിക്കുന്നത് വിയറ്റ്‌നാമുമായുള്ള ബന്ധം ശക്തമാക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
തെക്കൻ വിയറ്റ്‌നാമിലെ ചില പ്രവിശ്യകളുമായി കേരളം ഇതിനോടകം തന്നെ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ബെൻ ട്രെ പ്രവിശ്യാ നേതാക്കൾ കേരളം സന്ദർശിച്ചതിൽ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. വിനോദ സഞ്ചാരം, സാമ്പത്തികം, വ്യാപാരം തുടങ്ങി വിവിധ മേഖലകൾക്ക് ഇത് കരുത്ത് പകരും. വിവിധ മേഖലകളിൽ വിയറ്റ്‌നാമുമായി അടുത്ത ബന്ധം വികസിപ്പിക്കുന്നതിന് കേരളത്തിന് താൽപര്യമുള്ളതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
There are no comments at the moment, do you want to add one?
Write a comment