ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 12 ആയി.

ജെറുസലേം: വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 12 ആയി. ഒരു ഇസ്രായേൽ സൈനികനും പലസ്തീനികളുടെ ചെറുത്ത് നിൽപ്പിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് രണ്ട് പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ആക്രമണം ഇസ്രായേൽ നടത്തിയത്.
വ്യോമാക്രമണത്തിനൊപ്പം നൂറ് കണക്കിന് ഇസ്രായേൽ സൈനികരാണ് കരമാർഗം ആക്രമണം നടത്തിയത്. 50 പേർക്ക് ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഏകദേശം 17,000 പേർ തിങ്ങി പാർക്കുന്ന ജെനിൻ നഗരത്തിലെ അഭയാർഥി ക്യാമ്പ് സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ തെരുവുകളും നടപ്പാതകളും ലക്ഷ്യം വെച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വെസ്റ്റ് ബാങ്കിലെ ജെനിൻ സർക്കാർ ആശുപത്രിയും ഇസ്രായേൽ സൈന്യം ആക്രമിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഗാസയിൽ നിന്ന് വരുന്ന റോക്കറ്റുകളെ പ്രതിരോധിക്കാൻ ഇസ്രായേൽ സൈന്യം അയൺ ഡോമുകൾ സജ്ജമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഗാസയിൽ നിന്ന് വന്ന അഞ്ച് റോക്കറ്റുകൾ തടഞ്ഞതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ജെനിനിൽ നിന്ന് പിൻമാറുന്നതിനിടെ ഇസ്രായേൽ സൈന്യവുമായി പലസ്തീനികൾ ഏറ്റുമുട്ടിയിരുന്നു. സൈന്യം റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചു. സൈന്യം പിൻവലിഞ്ഞെങ്കിലും സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത് വീണ്ടും ആക്രമണം ഉണ്ടാവുമെന്ന സൂചന നൽകുന്നു.
There are no comments at the moment, do you want to add one?
Write a comment