തിരുവനന്തപുരം കോർപ്പറേഷനിലടക്കം സംസ്ഥാനത്ത് ഹരിതകർമസേനയുടെ വരുമാനം ഗണ്യമായി കൂടിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയേഴ്‌സ് ഹാളിൽ നടന്ന തിരുവനന്തപുരം നഗരസഭ കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന മാലിന്യ മുക്ത കേരളം കർമ പരിപാടിയുടെ ആദ്യ ഘട്ടത്തിൽ മികച്ച നേട്ടമാണ് കേരളം കൈവരിക്കുന്നത്. മാലിന്യ സംസ്‌കരണത്തിലെ നേട്ടങ്ങൾ നിലനിർത്തുന്നതോടൊപ്പം വസ്തുതാപരമായ വിലയിരുത്തലുകൾ നടത്തുകയും വേണം. ഈ മേഖലയിൽ തിരുവനന്തപുരം നഗരസഭ മികച്ച മാതൃകകൾ സൃഷ്ടിക്കാൻ തയ്യാറാകണം
യൂസർ ഫീ, മാലിന്യ ശേഖരണം, വീടുകളുടെ എണ്ണം എന്നിവയിൽ വർദ്ധനയുണ്ടായി. തുമ്പൂർമുഴി മോഡലുകൾ, ഉറവിട മാലിന്യ സംസ്‌കരണം, ഹരിത കർമസേന പ്രവർത്തനങ്ങൾ എന്നിവ ഊർജിതമാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേതൃത്വം നൽകണമെന്ന് മന്ത്രി പറഞ്ഞു. മേയർ ആര്യ രാജേന്ദ്രൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.