യുകെയിൽ മലയാളി നഴ്സിനേയും മക്കളേയും കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 40 വർഷം കഠിന തടവ്.

ലണ്ടൻ: യുകെയിലെ കെറ്ററിങ്ങിൽ മലയാളി നഴ്സിനേയും മക്കളേയും കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് 40 വർഷം കഠിന തടവ്. കണ്ണൂർ സ്വദേശി സാജു(52)വിന് നോർത്താംപ്ടൺഷെയർ കോടതിയാണ് ശിക്ഷ വിധിച്ചത്.
യുകെയിൽ നഴ്സായ വൈക്കം സ്വദേശി അഞ്ജു(35) മക്കളായ ജാൻവി(4), ജീവ(6) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വിധി. കേസിൽ കഴിഞ്ഞ ഏപ്രിലിൽ സാജു കുറ്റം സമ്മതിച്ചിരുന്നു.
2022ലാണ് കേസിനാസ്പദമായ സംഭവം. അഞ്ജുവിനേയും മക്കളേയും കെറ്ററിങ്ങിലുളള വീട്ടിൽവെച്ച് സാജു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ജു സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. മക്കൾ ആശുപത്രിയിൽ ചികിത്സിയിലിരിക്കെയാണ് മരിച്ചത്. മൂന്ന് പേരും ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും പറഞ്ഞിരുന്നു.
അഞ്ജുവിന് വിവാഹേതരബന്ധമുണ്ടെന്ന സംശയത്തിൽ മദ്യലഹരിയിൽ കൊലനടത്തുകയായിരുന്നുവെന്നാണ് സാജു നൽകിയ മൊഴി. എന്നാൽ അഞ്ജു വിശ്വാസ വഞ്ചന കാണിച്ചുവെന്ന സാജുവിന്റെ ആരോപണത്തിന് തെളിവില്ലെന്ന് പ്രോസിക്യൂട്ടർ ജെയിംസ് ന്യൂട്ടൻ-പ്രൈസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സാജുവിന്റെ ഫോൺ പൊലീസ് പരിശോധിച്ചപ്പോൾ ഭാര്യ ജോലിക്കുപോകുന്ന സമയത്ത് ഡേറ്റിങ് വെബ്സൈറ്റുകളിൽ സ്ത്രീകൾക്കായി തിരഞ്ഞിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
2021ൽ ആണ് അഞ്ജുവും സാജുവും യുകെയിൽ എത്തുന്നത്. കെറ്ററിങ്ങിലെ ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു സാജുവിന് ജോലി. യുകെയിൽ എത്തിയതിന് പിന്നാലെ ചില കുടുംബ പ്രശ്നങ്ങളും ഇവർക്കിടയിൽ നിലനിന്നിരുന്നു. സാജു അഞ്ജുവിനെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കൊലപാതക വിവരം പുറത്തുവന്നതിന് പിന്നാലെ കുടുംബം ആരോപിച്ചിരുന്നു.
There are no comments at the moment, do you want to add one?
Write a comment