Asian Metro News

സാമൂഹിക പ്രതിബദ്ധതയാണ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖമുദ്ര: മന്ത്രി വി എൻ വാസവൻ

 Breaking News

സാമൂഹിക പ്രതിബദ്ധതയാണ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖമുദ്ര: മന്ത്രി വി എൻ വാസവൻ

സാമൂഹിക പ്രതിബദ്ധതയാണ് സഹകരണ പ്രസ്ഥാനത്തിന്റെ മുഖമുദ്ര: മന്ത്രി വി എൻ വാസവൻ
July 03
09:59 2023

ലാഭത്തിനപ്പുറം ജനങ്ങൾക്കാശ്വാസമായി സാമൂഹിക പ്രതിബദ്ധതോടെയാണ് സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നതെന്ന് സഹകരണ, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അന്താരാഷ്ട്ര സഹകരണ ദിനാഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനവും സഹകരണ അവാർഡ് വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

            കോവിഡും പ്രളയവുമടക്കമുള്ള പ്രതിസന്ധികളെ അതിജീവിക്കുന്നതിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ സുപ്രധാന പങ്കു വഹിച്ചു. കൃഷി, തൊഴിൽ, ഭവന നിർമാണം തുടങ്ങിയ എല്ലാ മേഖലകളിലേക്കും സംഘങ്ങളുടെ പ്രവർത്തനം വ്യാപിച്ചു. വേൾഡ് കോപ്പറേറ്റിവ് മോണിറ്ററിംഗിന്റെ റാങ്കിങ് പ്രകാരം ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയ സഹകരണ സംഘം ഊരാളുങ്കൽ സൊസൈറ്റിയായിരുന്നു എന്നത് അഭിമാനകരമാണ് ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കായി സംസ്ഥാന സഹകരണ ബാങ്കും മാറി.

ജനജീവിതത്തെ സഹായിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഊരാളുങ്കൽ സൊസെറ്റി പ്രസിഡന്റ് രമേശൻ പാലേരിക്ക് റോബർട്ട് ഓവൻ പുരസ്‌കാരം നൽകാൻ കഴിയുന്നത് സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാ സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങളും നൽകുന്ന എൻ എസ് സഹകരണ ആശുപത്രിയുടെ വളർച്ചക്ക് നൽകിയ നിസ്തുലമായ സംഭാവനയാണ് പി രാജേന്ദ്രനെ സഹകരണ വകുപ്പ് മന്ത്രിയുടെ പ്രത്യേക പുരസ്‌കാരത്തിനർഹമാക്കിയത്. ആയുർവേദ ചികിത്സയടക്കം നൽകുന്ന സ്ഥാപനമായി ഇന്ന് ആശുപത്രി മാറി. സഹകരണ മേഖലയിലെ ആരോഗ്യകരമായ മൽസരത്തിനും വളർച്ചക്കും വേണ്ടിയാണ് അവാർഡുകൾ ഏർപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

            നിയമഭേദഗതികളടക്കം വരുത്തി സഹകരണ മേഖലയെ നവീകരിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. വ്യവസായ വകുപ്പുമായി സഹകരിച്ച് വനിതാ സംഘങ്ങൾക്കാവശ്യമായ പരിശീലനം നൽകുന്ന പരിപാടിക്ക് ഉടൻ തുടക്കമാകും. സുസ്ഥിര വികസനത്തിന്  സഹകരണ പ്രസ്ഥാനമെന്ന ഈ വർഷത്തെ അന്താരാഷ്ട്ര സഹകരണ ദിന സന്ദേശമുൾക്കൊണ്ടുള്ള പ്രവർത്തനങ്ങളുമായി സഹകരണ മേഖല മുന്നോട്ട് പോകുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

            ചടങ്ങിൽ സഹകരണ അവാർഡുകൾ മന്ത്രി സമ്മാനിച്ചു. റോബർട്ട് ഓവൻ പുരസ്‌കാരം രമേശൻ പാലേരിക്ക് വേണ്ടി അദ്ദേഹത്തിന്റെ പ്രതിനിധിയും മന്ത്രിയുടെ പ്രത്യേക പുരസ്‌കാരം എൻ എസ് ആശുപത്രി ചെയർമാൻ പി രാജേന്ദ്രനും കോപ്ഡേ പുരസ്‌കാരം അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവീസ് സഹകരണ സംഘവും എക്‌സലൻസ് അവാർഡ്  ചുങ്കത്തറ സർവീസ് സഹകരണ ബാങ്കും മന്ത്രിയിൽ നിന്ന് ഏറ്റു വാങ്ങി.

            സംസ്ഥാനത്തെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന 10 വിഭാഗങ്ങളിലെ സഹകരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകളും മന്ത്രി വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാർക്കും വ്യക്തിഗത അവാർഡുകൾക്കും ഒരു ലക്ഷം രൂപയാണ് അവാർഡ്. രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 25,000 രൂപയുമാണ് അവാർഡ്.

            തിരുവനന്തപുരം ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വി ജോയ് എം എൽ എ അധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം ആശംസിച്ചു. സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണസംഘം രജിസ്ട്രാർ ടി.വി. സുഭാഷ്, വിവിധ സഹകരണ സംഘങ്ങളുടെ മേധാവികൾ എന്നിവർ സംബന്ധിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment