പാലക്കാട് : മഴ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ ജില്ലയിൽ ഡെങ്കിപ്പനി കേസ് വർദ്ധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കൂടുതൽ കരുതൽ സ്വീകരിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. വീടിന്റെയും സ്ഥാപനങ്ങളുടെയും ഉള്ളിലും പരിസരത്തും കൊതുകുകൾ വളരുന്നില്ലെന്ന് ഉറപ്പാക്കുകയും ഡ്രൈ ഡേ ശീലമാക്കുകയും വേണം. ഈഡിസ് കൊതുകുകളാണ് വൈറൽ രോഗമായ ഡെങ്കിപ്പനി പരത്തുന്നത് എന്നതിനാൽ ഉറവിട നശീകരണവും പരിസര ശുചിത്വവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലും സ്വീകരിക്കണം.