Asian Metro News

അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് കിലെ തുടങ്ങുന്ന കോഴ്‌സിന്റെ ധാരണാപത്രം ഒപ്പിട്ടു

 Breaking News

അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് കിലെ തുടങ്ങുന്ന കോഴ്‌സിന്റെ ധാരണാപത്രം ഒപ്പിട്ടു

അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് കിലെ തുടങ്ങുന്ന കോഴ്‌സിന്റെ ധാരണാപത്രം ഒപ്പിട്ടു
June 22
13:19 2023

‘സോഷ്യൽ ഡയലോഗ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്’ എന്ന വിഷയത്തിൽ ഡിപ്ലോമ കോഴ്‌സ് തുടങ്ങാനായി അന്താരാഷ്ട്ര തൊഴിൽ സംഘടനയും (ഐ.എൽ.ഒ)  സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റും (കിലെ) ധാരണാപത്രം ഒപ്പിട്ടു.

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനവുമായി കോഴ്‌സ് തുടങ്ങാൻ ഐ.എൽ.ഒ സഹകരിക്കുന്നത്. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ഒപ്പിട്ട ധാരണാപത്രം സംസ്ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയും ഐ.എൽ.ഒ ഡെപ്യൂട്ടി ഡയറക്ടർ സതോഷി സസാകിയും പരസ്പരം കൈമാറി. ഐ.എൽ.ഒയുടെ പഠന, പരിശീലന വിഭാഗമായ ഇന്റർനാഷനൽ ട്രെയിനിംഗ് സെന്ററുമായി (ഐ.ടി.സി) ചേർന്ന് നടത്തുന്ന 12 ആഴ്ച ദൈർഘ്യമുള്ള കോഴ്‌സിന്റെ ആദ്യ ബാച്ച് ഓഗസ്റ്റിൽ തുടങ്ങും.

ഓൺലൈനായും ഓഫ്‌ലൈനായും ഹൈബ്രിഡ് രീതിയിൽ നടത്തുന്ന കോഴ്‌സിന് 30 സീറ്റുകളാണുള്ളത്.  ഓഫ്‌ലൈൻ പഠനകേന്ദ്രം തിരുവനന്തപുരത്തെ കിലെ ക്യാമ്പസ് ആയിരിക്കും. അന്താരാഷ്ട്ര തൊഴിൽ സംഘടന സ്‌പോൺസർ ചെയ്യുന്ന ആദ്യ ബാച്ച് സൗജന്യമാണ്.

സോഷ്യൽ ഡയലോഗ്, കലക്ടീവ് ബാർഗെയിനിംഗ് എന്നിങ്ങനെ മാറിയ ആഗോള തൊഴിൽ സാഹചര്യങ്ങൾക്കനുസൃതമായിട്ടാണ് കോഴ്‌സ് സിലബസ് രൂപകല്പന ചെയ്തിരിക്കുന്നത്.

സിലബസിലെ ഇന്ത്യൻ ഭാഗം കിലെയും അന്താരാഷ്ട്ര ഭാഗം ഐ.എൽ.ഒയും ആണ് തയാറാക്കിയിട്ടുള്ളത്. കിലെയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് കോഴ്‌സ് തുടങ്ങുന്നതെന്ന് പരിപാടിയിൽ അധ്യക്ഷ പ്രസംഗം നടത്തിയ മന്ത്രി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

വ്യവസായ ബന്ധം ശക്തമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ കോഴ്‌സ്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയാണ് ഇത്തരമൊരു കോഴ്‌സ് തുടങ്ങുന്നതിലൂടെ വ്യക്തമാകുന്നത്.

കേരളത്തെ തൊഴിൽമേഖലയെ മൊത്തത്തിൽ ഗുണപരമായി കോഴ്‌സ് സ്വാധീനിക്കുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നൈപുണ്യമുള്ള തൊഴിൽ ശക്തിയെ സൃഷ്ടിക്കൽ, കേരളത്തിലെ തൊഴിൽ സംസ്‌കാരം മറ്റുള്ളവർക്ക് മനസ്സിലാക്കൽ, ജോലി സ്ഥലത്തെ തൊഴിൽ ബന്ധങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയും ഈ ഡിപ്ലോമ കോഴ്‌സിന്റെ ഉദ്ദേശ്യങ്ങളാണ്. കോഴ്‌സിന്റെ യോഗ്യത പ്ലസ്ടു ആയിരിക്കും. എച്ച്.ആർ, തൊഴിൽ രംഗത്തെ ഉദ്യോഗസ്ഥർ, നിയമ വിദ്യാർഥികൾ എന്നിവർക്ക് ഏറെ ഉപകാരപ്പെടുന്നതായിരിക്കും പുതിയ കോഴ്‌സ്.

പരിപാടിയിൽ സംസാരിച്ച സതോഷി സസാകി തൊഴിൽ മേഖലയിൽ കേരളം നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. കിലെ ചെയർമാൻ കെ.എൻ ഗോപിനാഥ്,  തൊഴിൽ സെക്രട്ടറി അജിത് കുമാർ, കിലെ റിസർച്ച് കോർ കമ്മിറ്റി ചെയർമാൻ പ്രൊഫ എസ്.കെ ശശികുമാർ എന്നിവർ സംസാരിച്ചു.

ഐ.ടി.സി യുടെ ഡെപ്യൂട്ടി ഡയറക്ടർ ഗിസപ്പ് സെഫോള ഓൺലൈനായി പങ്കെടുത്തു. എംപ്ലോയ്‌മെൻറ് ആന്റ് ട്രെയിനിങ് ഡയറക്ടർ വീണ എൻ മാധവൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ രവി രാമൻ, കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് തുടങ്ങിയവരും പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment