Asian Metro News

കേരളത്തിലെ എല്ലാ വീടുകളിലും എത്രയും വേഗം ഇന്റർനെറ്റ്: മുഖ്യമന്ത്രി

 Breaking News

കേരളത്തിലെ എല്ലാ വീടുകളിലും എത്രയും വേഗം ഇന്റർനെറ്റ്: മുഖ്യമന്ത്രി

കേരളത്തിലെ എല്ലാ വീടുകളിലും എത്രയും വേഗം ഇന്റർനെറ്റ്: മുഖ്യമന്ത്രി
June 06
11:05 2023

കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും എത്രയും വേഗം ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയും ഇന്റർനെറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇടമലക്കുടി ഉൾപ്പെടെ എല്ലായിടത്തും ഉടൻ കണക്റ്റിവിറ്റി ഉറപ്പാക്കി, ആരും പിന്തള്ളപ്പെട്ടു പോകാതെ, എല്ലാവരും കെ ഫോൺ എന്ന റിയൽ കേരള സ്റ്റോറിയുടെ ഭാഗമാകുന്നുവെന്ന് ഉറപ്പുവരുത്തുകയാണു സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് – കെ ഫോൺ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘അങ്ങനെ അതും നമ്മൾ നേടിയിരിക്കുന്നു’ എന്നു പറഞ്ഞാണു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണു കേരളമെന്നും അതു കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനാണു കെ ഫോൺ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റു സർവീസ് പ്രൊവൈഡർമാർ നൽകുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിലാവും കെ ഫോൺ സേവനങ്ങൾ ലഭ്യമാക്കുക. കേരളത്തിലാകമാനം, നഗര-ഗ്രാമ വ്യത്യാസമില്ലാതെ, ഉയർന്ന സ്പീഡിലും ഒരേ ഗുണനിലവാരത്തോടുകൂടിയും കെ ഫോൺ സേവനങ്ങൾ ലഭ്യമാക്കും – മുഖ്യമന്ത്രി പറഞ്ഞു.

വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന്റെയും പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നതിന്റെയും ഉത്തരവാദിത്തബോധമുള്ള ഭരണനിർവ്വഹണത്തിന്റെയും ഉദാഹരണമാണു കെ ഫോൺ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ നടക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 700 ലധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകളാണുണ്ടായത്. അവിടെയാണ് എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കി ഒരു സംസ്ഥാന സർക്കാർ ഇടപെടുന്നത്. ആ നിലയ്ക്ക്, സർക്കാരിന്റെയും നാടിന്റെയും ജനകീയ ബദൽ നയങ്ങളുടെ ഉദാഹരണമായി മാറുകയാണ് കെ ഫോൺ പദ്ധതി. നിലവിൽ 17,412 സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ ലഭ്യമാക്കിക്കഴിഞ്ഞു. 9,000 ത്തിലധികം വീടുകളിൽ കണക്ഷൻ നൽകാനുള്ള കേബിൾ വലിച്ചിട്ടുണ്ട്. 2,105 വീടുകൾക്കു കണക്ഷൻ നൽകിക്കഴിഞ്ഞു. കെ ഫോണിന്റെ അടിസ്ഥാന സേവനങ്ങൾ നൽകുന്നതിനുള്ള കാറ്റഗറി 1 ലൈസൻസും ഔദ്യോഗിക ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ ലഭിച്ചിരുന്നു.

കോവിഡാനന്തരം രൂപപ്പെട്ട തൊഴിൽ സംസ്‌കാരങ്ങളായ വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം, വർക്ക് എവേ ഫ്രം ഹോം തുടങ്ങിയവയുടെ പ്രയോജനം പൂർണ തോതിൽ ലഭിക്കുന്നതിനു മികച്ച ഇന്റർനെറ്റ് സേവനം അനിവാര്യമാണ്. അതിനുള്ള ഉപാധിയാണു കെ ഫോൺ. കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകളിൽ പലരും ഇവിടെ താമസിച്ചു ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. അവരെ ആകർഷിച്ച് കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ ചലനമുണ്ടാക്കാൻ കെ ഫോണിനു കഴിയും. സ്വകാര്യ മേഖലയിലെ കേബിൾ ശൃംഖലകളുടെയും മൊബൈൽ സേവനദാതാക്കളുടെയും ചൂഷണത്തിൽനിന്നു ജനങ്ങൾക്കു മോചനം നൽകാനും കെഫോണിനാകും. സ്വകാര്യ കമ്പനികൾ ഈ മേഖലയിലുള്ളപ്പോൾ സംസ്ഥാന സർക്കാർ എന്തിനാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നു ചോദിച്ചവരുണ്ട്. പൊതുമേഖലയിൽ ഒന്നും വേണ്ടെന്നും എല്ലാം സ്വകാര്യ മേഖലയിൽ, കുത്തക വാദത്തിന്റെ മൂലധന ശൈലിയിൽ നിർവഹിച്ചാൽ മതിയെന്നും ചിന്തിക്കുന്നവർ ഇങ്ങനെ ചോദിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഇത്തരം ആളുകൾ തന്നെയാണു മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നും ദിവാസ്വപ്നമെന്നുമൊക്കെ വിളിച്ച് കിഫ്ബിയെ ആക്ഷേപിക്കാൻ ശ്രമിച്ചത്. കിഫ്ബിയിലൂടെയാണ് കഴിഞ്ഞ ഏഴു വർഷം കൊണ്ട് 80,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്കു സംസ്ഥാനത്ത് തുടക്കമിട്ടത്. കെ ഫോൺ നടപ്പാക്കുന്നതും കിഫ്ബിയിലൂടെ വിഭവസമാഹരണം നടത്തിയാണ്. വികസന പ്രവർത്തനങ്ങളുടെ ഗുണം കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളിലും മേഖലകളിലും മുഴുവൻ  പ്രദേശങ്ങളിലും എത്തിക്കാൻ കിഫ്ബിയിലൂടെ കഴിഞ്ഞിട്ടുണ്ട്. കിഫ്ബി തകർന്നു കാണണമെന്ന് ആഗ്രഹിക്കുന്നവരെ എങ്ങനെ കാണണമെന്നു ജനങ്ങൾ ചിന്തിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് 50 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ഇന്റർനെറ്റ് ഉപയോഗം സാധ്യമാകുന്നത്. 33 ശതമാനം സ്ത്രീകൾക്കു മാത്രമാണ് ഇന്റർനെറ്റ് അക്‌സസ് ഉള്ളത്. ഗ്രാമപ്രദേശത്തത്ത് അത് 25 ശതമാനമാണ്. മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് 30 ശതമാനം കുറഞ്ഞ തോതിൽ മാത്രമേ ആദിവാസി ജനവിഭാഗങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാകുന്നുള്ളൂ. ഇത്രയേറെ ആഴത്തിൽ ഡിജിറ്റൽ ഡിവൈഡ് നിലനിൽക്കവെയാണു കേരളത്തിൽ അതില്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. സമഗ്രമായ വികസനം എന്ന ലക്ഷ്യത്തോടെ എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിൽ ആവിഷ്‌ക്കരിക്കുന്ന ഏതു പദ്ധതിക്കുമെതിരെ എതിരു പറയുന്നവരുണ്ട്. സാധാരണക്കാരന് എന്തിനാണ് ഇന്റർനെറ്റ്, സാധാരണക്കാരന് എന്തിനാണ് നൂതന ഗതാഗത സൗകര്യങ്ങൾ അങ്ങനെ പോകുന്നു ചോദ്യങ്ങൾ. ലോകം മുഴുവൻ മാറുന്നത് ഇക്കൂട്ടർ കാണുന്നില്ല. കുടിൽ വ്യവസായങ്ങൾ അവരുടെ ഉത്പന്നങ്ങൾ ഓൺലൈനായി വിൽക്കുന്ന ഈ കാലത്തും അപരിഷ്‌കൃത ചിന്തകളുമായി നടക്കുന്നവർ നാടിനെ പിന്നോട്ടടിക്കുകയാണ്. അവരെ സംബന്ധിച്ചു വികസനം എന്നത് ഏതാനും  വിഭാഗങ്ങൾക്കു വേണ്ടി മാത്രം ഉള്ളതാണ്. എന്നാൽ, എല്ലാ ജനവിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണു വികസനം എന്നാണു സർക്കാരിന്റെ കാഴ്ചപ്പാട്.

ഐ ടി മേഖലയുടെ പ്രാധാന്യം വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞ സംസ്ഥാനമാണ് കേരളം. 33 വർഷം മുമ്പ് രാജ്യത്തെ ആദ്യത്തെ ഐടി പാർക്കിന് തിരുവനന്തപുരത്തു തുടക്കം കുറിച്ചത് ഈ ദീർഘവീക്ഷണത്തോടെയാണ്. ഇന്നിപ്പോൾ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും കേരളത്തിൽത്തന്നെയാണ് സ്ഥാപിതമായിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ആരംഭിക്കുന്നതും കേരളത്തിലാണ്. 2016 മുതൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് ഐടി മേഖല കൈവരിച്ചത്. 2016ൽ കേരളത്തിലെ സർക്കാർ ഐടി പാർക്കുകൾ വഴിയുള്ള കയറ്റുമതി 9,753 കോടി രൂപയായിരുന്നു. 2022ൽ അത് 17,536 കോടിയായി വർധിച്ചു. 2016ൽ സർക്കാർ ഐടി പാർക്കുകളിലെ കമ്പനികളുടെ എണ്ണം 640 ആയിരുന്നത് 2022ൽ 1,106 ആയി വർദ്ധിച്ചു. 2016ൽ 78,068 ജീവനക്കാരാണ് ഐടി പാർക്കുകളിൽ ജോലി ചെയ്തിരുന്നത്. ഇന്നത് 1,35,288 ആയി. 2021-22 സാമ്പത്തിക വർഷത്തെ അപേക്ഷിച്ചു 2022-23 ൽ 1,274 കോടി രൂപയുടെ വളർച്ചയാണ് ഐടി കയറ്റുമതിയിലൂടെയുണ്ടായത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 78 കമ്പനികൾ 2,68,301 സ്‌ക്വയർ ഫീറ്റ് സ്ഥലത്തായി കേരളത്തിൽ പുതിയ ഐടി ഓഫീസുകൾ ആരംഭിച്ചു ജി.എസ്.ടി കൃത്യമായി ഫയൽ ചെയ്തതിന് കേന്ദ്ര സർക്കാരിന്റെയും ക്രെഡിറ്റ് റേറ്റിങ് ഇൻഫർമേഷൻ സർവീസ് ഓഫ് ഇന്ത്യയുടെയും (ക്രിസിൽ) അംഗീകാരം കേരളത്തിനു ലഭിച്ചു. 2023 ജൂൺ വരെ ക്രിസിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചതും മറ്റൊരു അഭിമാനകരമായ നേട്ടം.

കഴിഞ്ഞ ഏഴു വർഷംകൊണ്ട് 4,000 ത്തിലധികം സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്ത് ആരംഭിച്ചു. അവയിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപവും 43,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ബെൽജിയത്തിൽ നടന്ന ലോക ഇൻക്യുബേഷൻ ഉച്ചകോടിയിൽ മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി തെരഞ്ഞെടുക്കപ്പെട്ടത് കേരള സ്റ്റാർട്ടപ്പ് മിഷനാണ്. കേരളത്തിന്റെ വ്യവസായ മേഖലയിലും വലിയ മുന്നേറ്റമാണുണ്ടാകുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു സർക്കാർ നടത്തിയ ഇടപെടൽ ഇതിന്റെ മികച്ച ഉദാഹരണമാണ്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 1,40,000 സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞു. 8,500 കോടി രൂപയുടെ നിക്ഷേപവും മൂന്നുലക്ഷത്തോളം തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്. സംരംഭക വർഷ പദ്ധതിയുടെ രണ്ടാംഘട്ടം എന്ന നിലയ്ക്ക് ‘മിഷൻ തൗസൻഡ്’ എന്ന പദ്ധതിയിലൂടെ 1,000 സംരംഭങ്ങളെ ശരാശരി 100 കോടി രൂപ വിറ്റുവരവുള്ളവയാക്കി വളർത്താനുള്ള സഹായങ്ങൾ ലഭ്യമാക്കുകയാണ്. അങ്ങനെ ഒരു ലക്ഷം കോടി രൂപയുടെ വിനിമയമാണു വ്യവസായ മേഖലയിൽ പുതുതായി ഉണ്ടാകാൻ പോകുന്നത്. നിലവിലുള്ള സംരംഭങ്ങൾ അടച്ചുപൂട്ടാതെ മെച്ചപ്പെട്ട നിലയിൽ തുടർന്നുപോകുന്നുവെന്ന് ഉറപ്പുവരുത്താനുള്ള പ്രത്യേക ഇടപെടലും നടത്തുന്നുണ്ട്.

2016ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഒടുവിലത്തെ കണക്കുകൾ പ്രകാരം അത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. കഴിഞ്ഞ ഏഴു വർഷംകൊണ്ട് 84 ശതമാനം വർധനവുണ്ടായി. കേരളത്തിന്റെ പ്രതിശീർഷ വരുമാനം 2016ൽ 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി ഉയർന്നു. 54 ശതമാനത്തിലധികം വർദ്ധനവ്. കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം 12 ശതമാനവും വ്യാവസായിക അനുബന്ധ മേഖല 17.3 ശതമാനവും വളർച്ചയാണു കൈവരിച്ചത്. കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 65 ശതമാനവും സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനമാണ്. ചില സംസ്ഥാനങ്ങൾക്ക് ഇത് 25 ശതമാനം മാത്രമാണ്. ദേശീയ ശരാശരിയാകട്ടെ 55 ശതമാനവും. കേരളത്തിന്റെ കടം ജിഎസ്ഡിപിയുടെ 39 ശതമാനത്തിൽ നിന്നും 35 ശതമാനത്തിൽ താഴെയെത്തിച്ചു.

വികസനപ്രവർത്തനങ്ങൾക്കൊപ്പംതന്നെ ക്ഷേമപ്രവർത്തനങ്ങളും നടപ്പാക്കുന്നുണ്ട്. ലൈഫ് ഭവന പദ്ധതി മുഖേന മൂന്നര ലക്ഷത്തിലധികം വീടുകൾ നൽകി. മൂന്നു ലക്ഷത്തോളം ആളുകൾക്കു ഭൂമി ലഭ്യമാക്കി. മൂന്നര ലക്ഷത്തോളം മുൻഗണനാ റേഷൻ കാർഡുകൾ ലഭ്യമാക്കി. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാനുള്ള പദ്ധതി നടപ്പാക്കിവരികയാണ്. 63 ലക്ഷം ആളുകൾക്കാണ് 1,600 രൂപ നിരക്കിൽ ക്ഷേമ പെൻഷൻ ലഭ്യമാക്കുന്നത്. 42 ലക്ഷത്തിലേറെ ആളുകൾക്ക് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്നുണ്ട്. സമസ്ത മേഖലകളിലും മുന്നേറ്റം കൈവരിക്കാൻ ഉതകുന്ന സമഗ്രമായ ഇടപെടലുകളാണു സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. അവയിലൂടെ അടുത്ത 25 വർഷംകൊണ്ടു കേരളത്തെ മധ്യവരുമാന വികസിത രാജ്യങ്ങൾക്കു തുല്യമായ നിലയിലേക്ക് ഉയർത്തുകയാണ്. അതിനായി കാർഷിക നവീകരണം, വ്യവസായ പുനഃസംഘടന, നൈപുണ്യവികസനം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ നടത്തുകയുമാണ്. അതിനൊക്കെ ഉത്തേജനം പകരുന്നതാണു കെ ഫോൺ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരുമായി മുഖ്യമന്ത്രി കെ ഫോൺ മുഖാന്തരം ഓൺലൈനായി സംസാരിച്ചു. നിലമ്പൂരിലെ നഴ്സിങ് വിദ്യാർഥിനി വിസ്മയ, വയനാട് പന്തലാടിക്കുന്ന് സെറ്റിൽമെന്റ് നിവാസികൾ, തിരുവനന്തപുരം ഒറ്റശേഖരമംഗലം ഗവൺമെന്റ് എൽ.പി. സ്‌കൂൾ വിദ്യാർഥികളും അധ്യാപകരും, കോട്ടയം എരുമേലി കൂവപ്പള്ളി വില്ലേജ് ഓഫിസ് ജീവനക്കാർ എന്നിവരോടാണു മുഖ്യമന്ത്രി സംവദിച്ചത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment