ലക്ഷ്യം ലഹരിവിമുക്ത വിദ്യാലയങ്ങള്‍ എന്‍ഫോഴ്സ്മെന്റ് സംഘം പരിശോധന നടത്തി

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ‘കോട്പ’ എന്‍ഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്തി. ആരോഗ്യവകുപ്പ്, എക്സൈസ് വകുപ്പ്, പോലീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള എന്‍ഫോഴ്സ്മെന്റ് ടീമാണ് വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാ വിദ്യാലയങ്ങളും, വിദ്യാലയ പരിസരങ്ങളും പുകയില അടക്കമുള്ള ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാതലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും പരിശോധന നടത്തിയത്. കല്‍പ്പറ്റ നഗരസഭ പരിധിയിലെ വിദ്യാലയങ്ങളുടെ പരിസരത്തുള്ള കടകളില്‍ എന്‍ഫോഴ്സ്മെന്റ് ടീം പരിശോധന നടത്തി. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ലഹരിവസ്തുക്കള്‍ നല്‍കാന്‍ പാടില്ലെന്നും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുതെന്നും എന്‍ഫോഴ്സ്മെന്റ് ടീം കട, സ്ഥാപന ഉടമകളോട് നിര്‍ദ്ദേശിച്ചു. ‘പൊതു സ്ഥലത്ത് പുകയില പാടില്ല’ എന്ന സൂചന ബോര്‍ഡുകള്‍ കടകളില്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും അവ ഇല്ലാത്ത സ്ഥാപനങ്ങള്‍ കടകള്‍ എന്നിവയ്ക്ക് സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. അനധികൃത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ച സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പുകയില ഉല്‍പ്പന്ന നിയന്ത്രണ നിയമ പ്രകാരമാണ് പരിശോധന നടത്തിയത്. ഇനിയും തുടര്‍ പരിശോധനകള്‍ ജില്ലാ, പഞ്ചായത്ത്തലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുമെന്നും നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടയുടമകള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഡെ. ഡി.എം.ഒ ഡോ. പ്രിയ സേനന്‍ അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment