മലപ്പുറം: സംസ്ഥാനത്തെ കണ്ണീർ കടലിൽ മുക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ 21 മരണം. ആറ് കുഞ്ഞുങ്ങൾക്കും മൂന്ന് സ്ത്രീകൾക്കും ഉൾപ്പെടെയാണ് ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തിൽ ജീവൻ നഷ്ടമായത്.
അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ മുങ്ങിതാണു. ഏറെ ദുഷ്കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവർത്തനം. ചതുപ്പും, വെളിച്ചക്കുറവും വെല്ലുവിളിയായി.
രാത്രി 7നും 7.40നും ഇടയിൽ മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചായരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് തുടർന്ന് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.