ഭിന്നശേഷി പുനരധിവാസ ഗ്രാമം പദ്ധതിക്കായി നാല് സ്ഥലങ്ങൾ കണ്ടെത്തിയതായി മന്ത്രി

പ്രത്യേക വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിക്കാരുടെ പുനരധിവാസം ലക്ഷ്യമിട്ടുള്ള പുനരധിവാസ ഗ്രാമം പദ്ധതിക്കായി നാല് സ്ഥലങ്ങൾ കണ്ടെത്തിയതായി സംസ്ഥാന സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ‘ഓട്ടിസം, കടുത്ത മാനസിക വൈകല്യം നേരിടുന്നവർ തുടങ്ങി 24 മണിക്കൂറും സഹായം ആവശ്യമുള്ളവർക്കായി ഉദ്ദേശിച്ചുള്ളതാണ് പുനരധിവാസ ഗ്രാമം പദ്ധതി. തങ്ങളുടെ കാലശേഷം ഭിന്നശേഷിക്കാരായ മക്കളെ ആരു നോക്കുമെന്ന മാതാപിതാക്കളുടെ തീരാ ആശങ്കക്ക് പരിഹാരമായാണ് സംസ്ഥാന സർക്കാർ പുനരധിവാസ ഗ്രാമം പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇവിടെ ചികിത്സ, തെറാപി, വിനോദാപാധികൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കും,’ മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ മൂന്നാം 100 ദിന കർമ്മ പദ്ധതികളുടെ ഭാഗമായി സംസ്ഥാനതല ഓട്ടിസം ദിനാചരണവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിക്കാരുടെ ഭ്രൂണാവസ്ഥ മുതൽ മരണം വരെ കൂടെ നിൽക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അത് സമൂഹത്തിന്റെ കൂടി ചുമതലയാണെന്നും മന്ത്രി പറഞ്ഞു ഏതെങ്കിലും ഒരു പദ്ധതി പ്രയോജനപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വീട് യാഥാർഥ്യമാക്കുക എന്ന ലക്ഷ്യം സർക്കാറിനുണ്ട്. സുമനസുകളുടെ കൂടി സഹായത്താൽ അത് സാധ്യമാക്കും.
‘ഭിന്നശേഷിക്കാർ തനിച്ചല്ല, ഒപ്പമുണ്ട് ഞങ്ങൾ’ എന്നതാണ് സംസ്ഥാന സർക്കാരിന്റെ മുദ്രാവാക്യം. കേരളത്തെ പൂർണമായും ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യം വെച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഭിന്നശേഷിക്കാർക്കായി ഒരുപാട് പദ്ധതികളും ഉപകരണങ്ങളുടെ വിതരണവും അസിസ്റ്റീവ് ടെക്‌നോളജി ഉപയോഗിച്ചുള്ള രോഗനിർണയവും ഒക്കെ ഏറ്റവും ശാസ്ത്രീയവും ആധുനികവുമായ രീതിയിൽ സാധ്യമാക്കി വരികയാണ്. രാജ്യത്തിന്റെ തന്നെ ഭിന്നശേഷി മേഖലയിൽ അഭിമാനസ്തംഭങ്ങളായ രണ്ടു സ്ഥാപനങ്ങളാണ് നിഷും തൃശ്ശൂരിലെ നിപ്‌മെറുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അസിസ്റ്റീവ് ടെക്‌നോളജിയിൽ ഉപകരണങ്ങൾ നിർമിക്കാൻ മദ്രാസ് ഐ.ഐ.ടിയുമായി ചേർന്ന് കേന്ദ്രം സ്ഥാപിക്കാൻ സർക്കാരിന് പദ്ധതിയുണ്ട്. കുടുംബശ്രീയുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്കിടയിൽ സ്വയംസഹായ സംഘങ്ങൾ ആരംഭിക്കുന്ന പദ്ധതിയും തയ്യാറായി വരികയാണ്. നിഷിനെ സർവകലാശാല ആക്കി പരിവർത്തിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായാണ് നിഷിൽ സെൻറർ ഫോർ റിസർച്ച് ഇൻ കമ്മ്യൂണിക്കേഷൻ സയൻസ്- ന്യൂറോ ഇമേജിംഗ് സൗകര്യവികസനം പ്രഖ്യാപിച്ചത്. ഗവേഷണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നത് നിഷിന്റെ വികാസത്തിന് സഹായിക്കും. പരിപാടിയിൽ ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മൾട്ടിപ്പിൾ ഡിസബിലിറ്റി ബാധിതരുടെ അമ്മമാർക്ക് ”സ്‌നേഹയാനം’ പദ്ധതിയിലുൾപ്പെടുത്തി 25 ഇ-ഓട്ടോകൾ മന്ത്രി വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ മക്കൾക്ക് മുഴുവൻ സമയവും കൂട്ടിരിക്കുന്നതിനാൽ മറ്റു ജോലികൾക്ക് പോകാൻ സാധിക്കാത്ത അമ്മമാർക്ക് സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പിക്കുന്ന പദ്ധതിയാണ് സ്‌നേഹയാനം. മുൻ ജയിൽ തടവുകാർ, നല്ലനടപ്പിന് വിധേയരായവർ, തടവുകാരുടെ ആശ്രിതർ, യുവ കുറ്റാരോപിതർ ഇങ്ങനെയുള്ള പ്രൊബേഷൻ ഗുണഭോക്താക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്ന ‘മിത്രം’ പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു. മൊബൈൽ ടെക്‌നോളജി, ഡ്രൈവിംഗ് കോഴ്‌സ് എന്നിങ്ങനെ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് ധനസഹായം ചെയ്യുന്നതാണ് പദ്ധതി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവർക്ക് മത്സരപരീക്ഷകൾക്ക് തയാറെടുക്കാൻ ധനസഹായം ചെയ്യുന്ന ‘യത്‌നം’ പദ്ധതി, നിഷിൽ അസിസ്റ്റൻറ് ടെക്‌നോളജി നീഡ് അസസ്‌മെന്റ് സെൽ (ATNAC) പോർട്ടൽ ഉദ്ഘാടനവും മന്ത്രി ആർ ബിന്ദു നിർവഹിച്ചു.
There are no comments at the moment, do you want to add one?
Write a comment