കൊട്ടാരക്കര: കൂട്ടുകാർക്കൊപ്പം മീൻ പിടിക്കുന്നതിനിടെ പാറക്കുളത്തിൽ വീണ വിദ്യാർഥി മുങ്ങിമരിച്ചു. പെരുംകുളം റേഡിയോ ജംഗ്ഷൻ പുളിന്തുണ്ടിൽ വീട്ടിൽ ഉണ്ണികൃഷ്ണ പിള്ളയുടെ മകൻ ഗോകുൽ(21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. കൂട്ടുകാർക്കൊപ്പം പാറക്കുളത്തിലേക്കു പോയ ഗോകുൽ ചൂണ്ടയിടുന്നതിനിടെ തെന്നി കുളത്തിലേക്കു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപകട വിവരം വൈകിയാണ് നാട്ടുകാർ അറിഞ്ഞത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ രാത്രി ഒമ്പതേ കാലോടെ മൃതദേഹം കണ്ടെത്തി. ഐ.ടി.ഐ. പഠനം കഴിഞ്ഞു നിൽക്കുകയായിരുന്നു. അമ്മ: ഗിരിജാ കുമാരി. സഹോദരൻ: അഖിൽ.
