തലശ്ശേരി : മുഖ്യമന്ത്രിയുടെ മണ്ഡല പരിധിയിലെ ധർമടം പൊലീസ് സ്റ്റേഷനിൽ മധ്യവയസ്കനും വൃദ്ധമാതാവ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും നേരെ പൊലീസിന്റെ ക്രൂരമർദനം. ഇവർ സഞ്ചരിച്ച കാറിന്റെ ചില്ല് ഇൻസ്പെക്ടർ തകർത്ത സംഭവത്തിൽ, ധർമടം എസ്എച്ച്ഒ ഇൻസ്പെക്ടർ കെ.വി.സ്മിതേഷിനെ സസ്പെൻഡ് ചെയ്തു. സ്വകാര്യ ബസ് ഉടമ മമ്പറം കീഴത്തൂർ ബിന്ദു നിവാസിൽ കെ. സുനിൽകുമാർ (53), മാതാവ് രോഹിണി (75), സഹോദരൻ ബിജു (45), സഹോദരി ബിന്ദു (40) സഹോദരി പുത്രൻ ദർശൻ (23) എന്നിവരെ ധർമടം സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.വി.സ്മിതേഷാണു മർദിച്ചത്. കുടുംബത്തിനു നേരെ മോശമായ പെരുമാറ്റമാണുണ്ടായതെന്നും സംഭവസമയം ഇൻസ്പെക്ടർ മദ്യലഹരിയിലായിരുന്നുവെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ പറഞ്ഞു.
