Asian Metro News

ആധുനിക സൗകര്യങ്ങളോടെ പുത്തൻ 131 കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ നിരത്തിൽ

 Breaking News
  • കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ സൗജന്യ ചികിത്സയെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ. ഹെൽത്ത് ഫിനാൻസിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്‘ ദേശീയ ശിൽപശാലയിലും സംസ്ഥാനത്തെ സൗജന്യ ചികിത്സ...
  • സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും തിരുവനന്തപുരം: വേനലവധിക്ക് ശേഷം കേരളത്തിലെ വിദ്യാലയങ്ങൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തിൽ കൂടുതൽ കുരുന്നുകളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. അധ്യയന വര്‍ഷം ആരംഭിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. രണ്ടു മാസത്തെ മധ്യവേനലവധിക്ക് പിന്നാലെയാണ് സ്‌കൂളുകള്‍ നാളെ...
  • മഴക്കാല തയ്യാറെടുപ്പുപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം: മുഖ്യമന്ത്രി മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ജൂണ്‍ നാലിന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം...
  • എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാവാൻ അപേക്ഷിക്കാം സംസ്ഥാനത്തെ 2000 ത്തോളം സർക്കാർ – എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 8 വരെ അപേക്ഷിക്കാം.  അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലേയും ക്ലബ്ബുകളിൽ തെരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 13ന്...
  • മെയ് 30ന് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.  വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ്.  അന്ന് രാവിലെ 6 മണിക്ക് മോക്പോൾ നടത്തും. ...

ആധുനിക സൗകര്യങ്ങളോടെ പുത്തൻ 131 കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ നിരത്തിൽ

ആധുനിക സൗകര്യങ്ങളോടെ പുത്തൻ 131 കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ നിരത്തിൽ
April 05
11:12 2023

ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി കെ.എസ്.ആർ.ടി.സി 131 പുത്തൻ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ ചൊവ്വാഴ്ച പുറത്തിറക്കി. ഒന്നിന് 38.17 ലക്ഷം രൂപ ചെലവു വരുന്ന ബസുകൾ സംസ്ഥാനത്ത് ദീർഘകാലമായി ഓടുന്ന സൂപ്പർഫാസ്റ്റ് ബസുകൾക്ക് പകരം ഓടും. 55 സീറ്റ് വീതമാണ് ഓരോ ബസിലും. ഓരോ സീറ്റിലും മൊബൈൽ ചാർജിംഗ് സംവിധാനം, ആന്റി-ലോക് ബ്രേക്കിംഗ് സിസ്റ്റം, ഒ.ബി.ഡി (ഓൺ-ബോർഡ് ഡയഗ്‌നോസ്റ്റിക്‌സ്), ട്യൂബ് ലെസ് ടയറുകൾ, എയർ സസ്പൻഷൻ, ക്യാമറകൾ, ജി.പി.എസ്, ആളുകളെ വിളിച്ചു കയറ്റാൻ ഇൻ-ബിൽറ്റ് അനൗൺസ്‌മെൻറ് സംവിധാനം, പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.

ബി.എസ്-6 ശ്രേണിയിലുള്ള ബസുകളുടെ സഞ്ചാരം തൽസമയം നിരീക്ഷിക്കുന്നതിന് ഐ അലർട്ട് സംവിധാനവുമുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കെ.എസ്.ആർ.ടി.സിക്ക് വലിയ തോതിൽ പുതിയ ബസുകൾ വരുന്നതിന്റെ ഒരു ഘട്ടമാണ് പുതിയ ബസുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ എല്ലാവരും ചേർന്ന് നടത്തിക്കൊണ്ടിരിക്കുകയാണ്. മേഖലാ തലത്തിൽ കോർപ്പറേഷനെ വികേന്ദ്രീകരിക്കണം എന്ന നിർദേശം ഇനിയും നടപ്പാക്കേണ്ടതുണ്ട്. കോർപ്പറേഷൻ നല്ല നിലയിൽ ആക്കാൻ വികേന്ദ്രീകരണം അത്യാവശ്യമാണ്. അതിനായി എല്ലാവരും സഹകരിച്ചു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു വർഷം മുമ്പ് രൂപീകരിച്ച കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് അതിവേഗം വളർച്ചയുടെ പടവുകൾ കയറുകയാണെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ഗതാഗതമന്ത്രി ആൻറണി രാജു ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടത്തിൽ 116 ബസുകളും പിന്നീട് 50 ഇ- ബസുകളും പുറത്തിറക്കിയ കെ.എസ്.ആർ.ടി.സി ഇപ്പോൾ 131 ബസുകളാണ് പുറത്തിറക്കിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് രണ്ടു മാസത്തിനുള്ളിൽ 113 ഇ-ബസുകൾ കെ.എസ്.ആർ.ടി.സി നിരത്തിലിറക്കുമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരിക്കുമിത്.  കിഫ്ബി ആകെ 814 കോടി കോർപ്പറേഷന് അനുവദിച്ചിട്ടുണ്ട്. ഈ തുക  ഉപയോഗിച്ച് ആറു മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയുടെ ദീർഘകാലമായി ഓടിക്കൊണ്ടിരിക്കുന്ന പഴയ ബസുകൾ ഭൂരിഭാഗവും മാറ്റി പകരം ആധുനിക സൗകര്യങ്ങളുള്ള പുത്തൻ ബസുകൾ വരും. ഇതിനുപുറമേ ഗ്രാമവണ്ടി പദ്ധതിക്ക് കീഴിൽ അടുത്ത വർഷം ഒരു എം.എൽ.എ ഒരു ഗ്രാമവണ്ടി ഏറ്റെടുത്താൽ ചുരുങ്ങിയത് 140 ഗ്രാമവണ്ടികൾ ഗതാഗത സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.

ആറു മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളും നവീകരിക്കും. യാത്രക്കാർക്ക് പുതിയ ഇരിപ്പിടം, ടിവി, അനൗൺസ്‌മെന്റ് സംവിധാനം, കുടിവെള്ള സൗകര്യം, മൊബൈൽ റീചാർജ് ചെയ്യാനുള്ള പോയിന്റ് എന്നിവയുൾപ്പെടെ നടപ്പാക്കി ഡിപ്പോകളുടെ മുഖച്ഛായ മാറ്റും. നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള 722 ക്യാമറകൾ ഈ മാസം  20 ഓടെ പ്രവർത്തനസജ്ജമാകും.  മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 20 ന് സ്വിച്ചോൺ കർമം നിർവഹിക്കും. അന്നേദിവസം തന്നെ ഡ്രൈവിംഗ് ലൈസൻസും ആർ.സി ബുക്കും സ്മാർട്ട് കാർഡ് ആക്കുന്ന പ്രക്രിയക്കും തുടക്കം കുറിക്കും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലെശുചിമുറികൾ 22 എണ്ണം ഒറ്റയടിക്ക് വൃത്തിയാക്കിയതായി മന്ത്രി പറഞ്ഞു.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒരു മാസം പോലും ശമ്പള കുടിശ്ശിക ഇല്ലെന്ന് ഗതാഗത മന്ത്രി അറിയിച്ചു. മാർച്ചിലെ ശമ്പളം ആണ് നൽകാനുള്ളത്. ഇത് സമയബന്ധിതമായി ഈ മാസം തന്നെ കൊടുത്തുതീർക്കും. എന്നാൽ എത്രയോ നാളുകളായി ജീവനക്കാർക്ക് ശമ്പളമില്ല എന്ന രീതിയിലാണ് പ്രചാരണമെന്നും ഇത് അഭികാമ്യമല്ലെന്നും മന്ത്രി ആൻറണി രാജു ചൂണ്ടിക്കാട്ടി. ഇന്ധന വിലവർധന മൂലം ദിനംപ്രതി കോടിക്കണക്കിന് രൂപയുടെ അധിക ചെലവാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. എങ്കിലും കോർപ്പറേഷൻ ശമ്പളവർധന നടപ്പാക്കി. കളക്ഷനിൽ വലിയ വർധന നേടി. 13 യാത്ര ഫ്യൂവൽ പമ്പുകൾ തുറന്നു. അടുത്ത മാസം രണ്ടെണ്ണം കൂടി പുതുതായി തുറക്കും.

തിരുവനന്തപുരത്ത് സിറ്റി സർക്കുലർ സർവീസ് വൻ വിജയമാണ്. ഒരിക്കൽ മുഖംതിരിച്ച കെ.എസ്.ആർ.ടി.സിയിലേക്ക് ഇപ്പോൾ ജനം മടങ്ങി വന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മേഖലാ തലത്തിലുള്ള വികേന്ദ്രീകരണ നടപടികൾക്ക് വരും നാളുകളിൽ തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരിപാടിയിൽ അശോക് ലെയ്‌ലാൻഡ് ബസ് ഹെഡ് കെ മോഹനൻ, എസ്.എം കണ്ണപ്പ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ വൈഭവ് നാരംഗ് എന്നിവർ ചേർന്ന് പ്രതീകാത്മകമായി കൈമാറിയ ബസിന്റെ രൂപം ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ ഏറ്റുവാങ്ങി. കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്,  കെ.എസ്.ആർ.ടി.സി ജോയിന്റ് എം.ഡി പ്രമോദ് ശങ്കർ, വാർഡ് കൗൺസിലർ ജി മാധവദാസ് തുടങ്ങിയവർ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment