Asian Metro News

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും

 Breaking News
  • നല്ല ഭക്ഷണ ശീലങ്ങൾ എല്ലാവരും ഏറ്റെടുക്കണം: മന്ത്രി വീണാ ജോർജ് നല്ല ഭക്ഷണശീലങ്ങൾ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുധാന്യ വർഷം 2023ന്റെ...
  • തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് മന്ത്രി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. കുളങ്ങൾ നിർമിക്കുമ്പോൾ...
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...
  • ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ...

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും
March 16
11:37 2023

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.

            തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണം.

            വൃത്തിയുള്ള കേരളം, വലിച്ചെറിയൽമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി വൃത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ, മാലിന്യക്കൂനകൾ, കവലകൾ, ചെറു പട്ടണങ്ങൾ, പൊതു ഇടങ്ങൾ, അപ്പാർട്ട്മെന്റ് കോംപ്ലക്സുകൾ, വ്യാപാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, ചന്തകൾ, കമ്മ്യൂണിറ്റി ഹാൾ, വിവാഹ മണ്ഡപങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ മുതലായവ വൃത്തിയാക്കി വലിച്ചെറിയൽ മുക്ത ഇടങ്ങളായി പ്രഖ്യാപിക്കണം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇക്കാര്യം ചെയ്യണം.

            മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌ക്കരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രധാന ചുമതലയായി ഇത് കാണണം.

            ഹരിത കർമ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതിൽപ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണം.

            കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കണം.

            മഴക്കാലപൂർവ്വ ശുചീകരണത്തിന് ഓരോ വകുപ്പിലുമുള്ള ഫണ്ടുകളുടെ ലഭ്യത ജില്ലാ കളക്ടർമാർ ഉറപ്പാക്കേണ്ടതാണ്.

            മുഴുവൻ ഓടകളും വൃത്തിയാക്കി എന്നുറപ്പാക്കണം. മലിനമായിക്കിടക്കുന്ന നീർച്ചാലുകൾ, തോടുകൾ, കുളങ്ങൾ, ഓടകൾ എന്നിവയുടെ പട്ടിക തയ്യാറാക്കി വൃത്തിയാക്കൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.

            കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങൾ നദി, കായൽ എന്നിവിടങ്ങളിൽ ഇടുന്നത് സാമൂഹിക പ്രശ്നമായി മാറുന്നുണ്ട്. ഇക്കാര്യത്തിൽ ശ്രദ്ധ വേണം. പുഴകളിലെയും നദികളിലെയും ചെളിയും എക്കലും നീക്കം ചെയ്യണം. വൃത്തിയാക്കിയ ശേഷമുള്ള മണലും ചെളിയും നിക്ഷേപിക്കാനുള്ള സൗകര്യം പ്രാദേശികമായി മുൻകൂട്ടി തയ്യാറാക്കണം.

            സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ, സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ എന്നിവ പഞ്ചായത്ത് വാർഡ് തലം വരെ എത്തുന്നുണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ ഉറപ്പ് വരുത്തണം.

            ഓരോ പ്രദേശത്തെയും ഏറ്റവും ദുരന്ത സാധ്യത കൂടിയ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കി വില്ലേജ് ഓഫീസർ, പോലീസ്, അഗ്നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെയും ഏൽപ്പിക്കണം. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ കുടിയൊഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കണം.

            ഓരോ പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങളും അവിടങ്ങളിലേക്കുള്ള സുരക്ഷിതമായ വഴിയും അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കണം. ഇവ ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ള ജനങ്ങളെ മുൻകൂട്ടി അറിയിക്കണം.

            അപകടസാധ്യതയുള്ള മരച്ചില്ലകൾ വെട്ടി മരങ്ങൾ കോതിയൊതുക്കുന്ന പ്രവൃത്തി തദ്ദേശ സ്ഥാപനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം.

            വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി നടത്തണം. ഇതിന് സമയക്രമം നിശ്ചയിച്ച് ചുമതല നൽകണം.

            മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും മഴക്കാല കണ്ട്രോൾ റൂമുകൾ ആരംഭിച്ച് 24 മണിക്കൂറും പ്രവർത്തിക്കണം. കണ്ട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങളിലേക്ക് എത്തിയെന്ന് ഉറപ്പാക്കണം. താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്ട്രോൾ റൂമുകളുമായി ചേർന്നുകൊണ്ടായിരിക്കണം തദ്ദേശ സ്ഥാപന കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്.

            പോലീസ്, അഗ്നിശമന രക്ഷാസേന എന്നീ രക്ഷാസേനകൾ അവരുടെ പക്കലുള്ള ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണോ എന്ന് മുൻകൂട്ടി പരിശോധിച്ച് ഉറപ്പ് വരുത്തണം.

            എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിമാസ മഴക്കാല മുന്നൊരുക്ക അവലോകനയോഗം ചേരണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ വകുപ്പ് മേധാവികളെയും തദ്ദേശ സ്ഥാപന മേധാവികളെയും പങ്കെടുപ്പിക്കണം. ജില്ലകളിൽ നടന്നുവരുന്ന മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ, മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികളുടെ പുരോഗതി എന്നിവ വിലയിരുത്തേണ്ടതും പൂർത്തീകരിക്കപ്പെടാത്ത കാര്യങ്ങളുണ്ടെങ്കിൽ അവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കർമ്മ പദ്ധതി തയ്യാറാക്കുകയും വേണം.

            എല്ലാ തദ്ദേശ സ്ഥാപനങ്ങളും മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നത് ഉചിതമാകും. പൂർത്തീകരിക്കാത്ത പ്രവൃത്തികൾ ബന്ധപ്പെട്ട വകുപ്പ് മേധാവികളെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളെയും അറിയിക്കണം.

            യോഗത്തിൽ മന്ത്രിമാരായ പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ്, വീണാ ജോർജ്ജ്, അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദാ മുരളീധരൻ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment