കാലികമായ രീതികളും സമ്പ്രദായങ്ങളും പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാരും കരാറുകാരും സ്വായത്തമാക്കണമെന്നും അതിന് അവർക്ക് പരിശീലനം നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘നമ്മുടെ എഞ്ചിനീയർമാർക്ക് ശാസ്ത്ര സാങ്കേതിക മേഖലയിൽ ഉള്ള വൈദഗ്ധ്യം എടുത്തുപറയേണ്ട കാര്യമില്ല. പക്ഷെ, കാലികമായ കാര്യങ്ങൾ എൻജിനീയർമാരിൽ എത്തേണ്ടതുണ്ട്. പുതിയ രീതികളെക്കുറിച്ച് എഞ്ചിനീയർമാരും അതുപോലെ കരാറുകാരും അറിയണം. അതിന് അവർക്ക് പരിശീലനം നൽകേണ്ടതുണ്ട്. പൊതുമരാമത്ത് വകുപ്പിൽ മാത്രമല്ല കാലികമായ അറിവ് സമ്പാദിക്കാൻ ഉള്ള പരിശീലനം എല്ലാവർക്കും നൽകേണ്ടതുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ഓട്ടോമാറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിംഗ് ലാബിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
