വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടവ് വേണ്ടാത്ത അഞ്ച് ലക്ഷം രൂപ ഗ്രാന്റ് പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംരംഭകർക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മൂന്ന് ആകർഷകമായ പദ്ധതികൾ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങൾക്ക് തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത അഞ്ച് ലക്ഷം രൂപ വരെ കോമ്പസിറ്റ് ഗ്രാന്റ്, കെ.എസ്.ഐ.ഡി.സി മുഖേന വീ വിഷൻ പദ്ധതിയിൽ അഞ്ച് ശതമാനം പലിശയ്ക്ക് നൽകിവരുന്ന 25 ലക്ഷം രൂപ വായ്പ 50 ലക്ഷം രൂപ വരെയായി ഉയർത്തൽ, കോഴിക്കോട്ടെ കെ.എസ്.ഐ.ഡി.സി ഇൻക്യുബേഷൻ സെന്ററിൽ വനിതാ സംരംഭകർക്കുള്ള വാടക പകുതിയായി വെട്ടിക്കുറക്കൽ എന്നിവയാണിത്. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 500 വനിതാ സംരംഭകർക്കായി സംഘടിപ്പിച്ച വനിതാ സംരംഭക സംഗമത്തിൽ അധ്യക്ഷ പ്രസംഗം നിർവഹിച്ച് സംസാരിക്കവെ വ്യവസായ മന്ത്രി പി രാജീവാണ് പ്രഖ്യാപനങ്ങൾ നടത്തിയത്.2022-23 സാമ്പത്തിക വർഷം സംസ്ഥാനത്ത് ആകെ 1,35,000 സംരംഭങ്ങൾ തുടങ്ങിയതിൽ 43,200 എണ്ണം വനിതകളുടേതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മൊത്തം സംരംഭങ്ങളിൽ 33 ശതമാനം സ്ത്രീകളുടേതായത് തികച്ചും അഭിമാനാർഹമായ കാര്യമാണ്. അടുത്തവർഷം ഇത് 50 ശതമാനമായി ഉയർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംരംഭക വർഷത്തിൽ സംരംഭകരാകാൻ വലിയതോതിൽ തയ്യാറായി വന്നത് വനിതകളാണ് എന്നതാണ് ഏറ്റവും പ്രധാനം. അതിൽ തന്നെ യുവതികളാണ് കൂടുതൽ. കേരളത്തിലെ ഒരു സംരംഭം ശരാശരി രണ്ടര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മന്ത്രി പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment