ന്യൂഡൽഹി ∙ ഇഎസ്ഐയിൽ ജീവിതാവസാനം വരെ അംഗങ്ങളായി തുടരാവുന്ന വിധം പദ്ധതി പരിഷ്കരിക്കാൻ ആലോചന. ഇതു പഠിക്കാനായി ഉപസമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചു. ഇപിഎഫ്ഒ പോലെ ശമ്പളപരിധി കഴിഞ്ഞാലും നിശ്ചിത തുക അധികമടച്ചു പദ്ധതിയിൽ തുടരാൻ അനുവദിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിതെന്ന് ബോർഡ് അംഗവും ബിഎംഎസ് ദേശീയ സെക്രട്ടറിയുമായ വി.രാധാകൃഷ്ണൻ ‘മനോരമ’യോടു പറഞ്ഞു. അടുത്ത ബോർഡ് യോഗത്തിൽ പ്രഖ്യാപനമുണ്ടായേക്കും. ശമ്പളപരിധി 21,000 രൂപയിൽ നിന്ന് 25,000 രൂപയാക്കാനുള്ള തീരുമാനവും ഇതോടൊപ്പമുണ്ടാകും. കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദർ യാദവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം
