അഭിഭാഷകവൃത്തിയിൽ സുതാര്യശുദ്ധി വേണം, ബാർ കൗൺസിൽ ഇടപെടണം: മുഖ്യമന്ത്രി

അഭിഭാഷകവൃത്തിയിൽ ഒരു വിധത്തിലുള്ള ജീര്‍ണതയും അനുവദിക്കരുതെന്നും സുതാര്യശുദ്ധിയോടെയാകണം പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയ൯. ആവശ്യമുള്ള തലങ്ങളിൽ ഇടപെടേണ്ടത് ബാർ കൗൺസിലിന്‍റെ കടമയാണെന്നും അത് നിർവഹിക്കുന്നതിൽ കൂടുതൽ ശ്രദ്ധ വെയ്ക്കണമെന്ന് ഓർമിപ്പിക്കുന്ന പല കാര്യങ്ങളും സമീപകാലത്ത് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്റ്റൈപ്പെന്‍ഡ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നീതി നിഷേധിക്കപ്പെടുന്നിടത്ത് സ്വമേധയാ തന്നെ അഭിഭാഷകർ ഇടപെടുന്ന സംസ്കാരം മുന്‍പ് ഉണ്ടായിരുന്നു. സാമ്പത്തികേതരമായ മാനുഷിക പരിഗണനകള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു അത്തരം ഇടപെടലുകള്‍. ആ സംസ്‌കാരത്തെ ഇപ്പോൾ മറ്റു ചില പ്രവണതകൾ പകരം വയ്ക്കുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, അധികാരം തുടങ്ങിയവയെ ആദരിക്കുന്ന വിധത്തിൽ ജുഡീഷ്യൽ ഓഫിസര്‍മാരുടെ നിയമനം കൃത്യമായി നടക്കണം. നിയമങ്ങളെ നീതി ലഭ്യമാക്കുന്നതിനുളള ഉപാധിയായി ഉപയോഗിച്ചാൽ മാത്രമേ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിക്കുകയുള്ളൂ. ജനാധിപത്യത്തിന്‍റെ നെടുംതൂണുകളായ ലെജിസ്ലേറ്റീവ്, എക്‌സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവയില്‍ ഏതെങ്കിലും ഒന്ന് ദുര്‍ബലപ്പെട്ടാൽ ജനാധിപത്യം ആകെ ദുര്‍ബലമാകും. ജനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്.
വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിക്ക് തുല്യമാണെന്ന നിലയ്ക്ക് വേണം കാര്യങ്ങളെ സമീപിക്കാനും കൈകാര്യം ചെയ്യാനും. ഇത്രയധികം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മതിയായ കോടതികളോ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരോ ഇല്ല എന്നത് സത്യമാണ്. എങ്കിലും ജുഡീഷ്യറിയുടെ ഈ പരിമിതികള്‍ തിരിച്ചറിഞ്ഞ് പുതിയ ദിശാബോധം കൈവരിച്ചാൽ മാത്രമേ സമയബന്ധിതമായി നീതി ലഭ്യമാക്കാന്‍ കഴിയൂ. ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെയും കോടതികളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനോടൊപ്പം പ്രധാനമാണ് അഭിഭാഷകരുടെ നീതിബോധവും നീതിയുക്തമായ ഇടപെടലുകളുമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
There are no comments at the moment, do you want to add one?
Write a comment