അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ 15 മുതൽ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനതല, ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ പരിശീലനം അന്തിമഘട്ടത്തിലാണ്. മറ്റ് ജില്ലകളിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജില്ലാതലത്തിൽ കളക്ടർമാർ ശക്തമായ നേതൃത്വം ഏറ്റെടുക്കേണ്ടതാണ്. ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനം ആസൂത്രണം ചെയ്യേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. വിവ കേരളം കാമ്പയിന്റെ ഭാഗമായി ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ളവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.