കൗമാരക്കാർ കൂടുതൽ ഉപയോഗിക്കുന്നത് കഞ്ചാവ്;എക്സൈസ് സർവേ റിപ്പോർട്ട് പ്രകാശനം ചെയ്തു

കൗമാരക്കാർ കൂടുതലായി ഉപയോഗിക്കുന്ന ലഹരി വസ്തു കഞ്ചാവാണെന്ന് എക്സൈസ് വകുപ്പിന്റെ സർവേ റിപ്പോർട്ട്. പുകവലിയിലൂടെയാണ് കഞ്ചാവിലേക്ക് എത്തുന്നത്. ലഹരി കേസുകളിൽ ഉൾപ്പെടുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന കൗമാരക്കാരെ സംബന്ധിച്ച എക്സൈസിന്റെ സർവ്വേ റിപ്പോർട്ട് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് എക്സൈസ് കമ്മീഷണർ ആനന്ദകൃഷ്ണന് നൽകി പ്രകാശനം ചെയ്തു. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടവരും, വിമുക്തിയുടെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലും കൗൺസിലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 600 പേരിലാണ് പഠനം നടത്തിയത്. എല്ലാവരും 19 വയസിൽ താഴെയുള്ളവരാണ്. എക്സൈസിലെ സോഷ്യോളജിസ്റ്റ് വിനു വിജയൻ, സൈക്കോളജിസ്റ്റ് റീജാ രാജൻ എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.
പൊതുജനങ്ങൾക്കിടയിൽ ഇതുമായി ബന്ധപ്പെട്ട വിപുലമായ ഒരു സർവേ എസ്. പി. സി കേഡറ്റുകളുടെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്. ഒരു ലക്ഷം പേരിൽ നിന്ന് വിവരം ശേഖരിക്കും. വിദ്യാർഥികൾ, യുവജനങ്ങൾ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ, ആദിവാസി- തീരദേശ വാസികൾ, അതിഥി തൊഴിലാളികൾ, ഐ.റ്റി പ്രൊഫഷണലുകൾ തുടങ്ങി സമൂഹത്തിലെ വ്യത്യസ്തമായ 26 വിഭാഗങ്ങളിൽ നിന്നാണ് ഇതിനായി വിവരം ശേഖരിക്കുക.
There are no comments at the moment, do you want to add one?
Write a comment