സംരംഭക വര്‍ഷം പദ്ധതിയിലൂടെ വ്യവസായിക, വാണിജ്യ മേഖലകളില്‍ ഉണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ സംരംഭക മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഭിപ്രായ ഭിന്നതകള്‍ നാടിന്റെ വികസനത്തെ ഒരുതരത്തിലും ബാധിക്കരുതെന്നും വ്യവസായിക പുനസംഘടനയിലൂടെയും കാര്‍ഷിക നവീകരണത്തിലൂടെയും നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് നമ്മള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടന്നു. ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇതുവരെ 7,500 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിച്ച് 2,67,000 ത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയൊരു മുന്നേറ്റമാണ് സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഉണ്ടായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, തുടങ്ങിയവയെ ഏകോപിപ്പിച്ചാണ് സംരംഭകരെ കണ്ടെത്തുന്നതിനുള്ള പദ്ധതി ഇത്ര വലിയ വിജയമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment