തദ്ദേശ സ്ഥാപനങ്ങളിലെ കൂറുമാറ്റം – അംഗങ്ങളെസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി

കൂറുമാറ്റ നിരോധന നിയമ പ്രകാരം പാലക്കാട് ജില്ലയിലെ മങ്കര ഗ്രാമപഞ്ചായത്ത് അംഗം വസന്തകുമാരി, ഇടുക്കി ജില്ലയിലെ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ദേവസ്യ ദേവസ്യ,സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ മുൻകൗൺസിലർ റ്റി.എൽ. സാബു എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അയോഗ്യരാക്കി.
മങ്കര ഗ്രാമപഞ്ചായത്തിലെ വാർഡ് നാലിൽ പഞ്ചായത്ത് അംഗമായ വസന്തകുമാരിക്ക് അംഗമായി തുടരുന്നതിനും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2023 ജനുവരി17 മുതൽ ആറു വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ വിജയിച്ച് എൽഡി.എഫ്. പിന്തുണയോടെ പിന്നീട് വൈസ് പ്രസിഡന്റുമായി. നിലവിൽ മങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയതിനാൽ വൈസ് പ്രസിഡന്റ് സ്ഥാനവും നഷ്ടമാകും. മങ്കര ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗമായ എം.വി. രമേശിന്റെ പരാതി തീർപ്പാക്കിയാണ് കമ്മീഷന്റെ ഉത്തരവ്.
കരിമണ്ണൂർ ഗ്രാമപഞ്ചായത്തിൽ 2015-20കാലയളവിൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന ദേവസ്യ ദേവസ്യ2015 ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. തുടർന്ന് 2018 ൽ ജൂൺ 25 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിപ്പ് ലംഘിച്ച് മത്സരിച്ചതിനാലാണ് അയോഗ്യത കല്പിച്ചത്. ഉത്തരവ് തീയതി മുതൽ ആറ് വർഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ദേവസ്യ ദേവസ്യക്ക് മത്സരിക്കാൻ കഴിയില്ല. കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് അംഗം സിബി കുഴിക്കാട്ടിന്റെ പരാതിയിന്മേലാണ് കമ്മീഷൻ വിധി പ്രസ്താവിച്ചത്.
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിലെ കൗൺസിലറും മുനിസിപ്പൽ ചെയർമാനുമായിരുന്ന റ്റി.എൽ. സാബു കേരള കോൺഗ്രസ്സ് (എം) ന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്നു. 2018ലെ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പിന്തുണയോടെ വിജയിച്ചു. തുടർന്ന് രാജി വെക്കുവാൻ കേരള കോൺഗ്രസ്സ് (എം) ആവശ്യപ്പെട്ടിരുന്നു. പാർട്ടി നിർദേശത്തിന് വിപരീതമായി അദ്ദേഹം എൽ.ഡി.എഫ്. പിന്തുണയോടെ മുനിസിപ്പൽ ചെയർമാനായി തുടർന്നതാണ് അയോഗ്യനാകാൻ കാരണം. കേരള കോൺഗ്രസ് (എം) വയനാട് ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യയുടെ പരാതിയിന്മേലാണ് കമ്മീഷന്റെ വിധിപ്രസ്താവം. ഉത്തരവ് തീയതി മുതൽ ആറ് വർഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ കഴിയില്ല.
There are no comments at the moment, do you want to add one?
Write a comment