Asian Metro News

സംസ്ഥാനത്ത് ഇ-വാഹനങ്ങളുടെ എണ്ണം ഒരു വർഷത്തിനിടെ 455 ശതമാനം വർധിച്ചതായി മുഖ്യമന്ത്രി

 Breaking News

സംസ്ഥാനത്ത് ഇ-വാഹനങ്ങളുടെ എണ്ണം ഒരു വർഷത്തിനിടെ 455 ശതമാനം വർധിച്ചതായി മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇ-വാഹനങ്ങളുടെ എണ്ണം ഒരു വർഷത്തിനിടെ 455 ശതമാനം വർധിച്ചതായി മുഖ്യമന്ത്രി
January 20
10:40 2023

ആഗോളതാപനത്തിന്റേയും കാലാവസ്ഥ വ്യതിയാനത്തിന്റേയും പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാൻ സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി  സംസ്ഥാനത്തെ ഇ-വാഹനങ്ങളുടെ എണ്ണം 2021 നിന്നും 2022 ആയപ്പോഴേക്കും 455 ശതമാനം വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊർജ്ജ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്തർദേശീയ കോൺഫറൻസും എക്‌സ്‌പോയും ആയ ഇവോൾവിന്റെ രണ്ടാമത്തെ എഡിഷൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും യാഥാർത്ഥ്യമാണെന്നിരിക്കെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് വാഹനങ്ങൾ പാരമ്പര്യേതര ഊർജ്ജത്തിലേക്ക് മാറേണ്ടതുണ്ട്.  ഇതിനായി വിവിധ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. 1.64 കോടി വാഹന പെരുപ്പമുള്ള സംസ്ഥാനത്ത് 1.48 ശതമാനം വാഹനങ്ങൾ മാത്രമാണ് പാരമ്പര്യേതര ഊർജ്ജം ഉപയോഗിച്ച് ഓടിക്കൊണ്ടിരിക്കുന്നത്. 2018 ൽ തന്നെ ഇ-വാഹന നയം പ്രഖ്യാപിച്ച് ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങിയ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 ഇലക്ട്രിക് ഓട്ടോകൾ വാങ്ങാൻ 30,000 രൂപ സബ്‌സിഡി നൽകുന്നതിന് പുറമേ ഡീസൽ ഓട്ടോകൾ ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇ-വാഹനം ആക്കി മാറ്റാൻ 15,000 രൂപ വേറെയും സബ്‌സിഡി അനുവദിക്കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ഇലക്ട്രിക് തൂണുകളിൽ ചാർജർ സംവിധാനം ഒരുക്കാനുള്ള പ്രയത്‌നത്തിലാണ് കെ.എസ്.ഇ.ബി. ഇത്തരത്തിൽ 1500 ഓളം ചാർജിങ് സ്റ്റേഷനുകൾ സംസ്ഥാനത്തുടനീളം യാഥാർഥ്യമാകും. 70 ഇലക്ട്രിക് കാറുകൾ മോട്ടോർ വെഹിക്കിൾ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽ ഇ-ബസുകൾ നിരത്തിൽ ഇറക്കാനുള്ള നടപടികളിലാണ് കെ.എസ്.ആർ.ടി.സി. മുഴുവനായിട്ടും സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ വിമാനത്താവളം കൊച്ചിയിലാണ്. കൊച്ചിൻ മെട്രോ റെയിൽ കോർപ്പറേഷന് ആവശ്യമുള്ള വൈദ്യുതിയുടെ 55 ശതമാനവും സോളാർ പ്ലാന്റിൽ നിന്നാണ് സ്വീകരിക്കുന്നത്. സൗരോർജ്ജം കൊണ്ട് ഓടുന്ന എ.സി ബോട്ടുകളാണ് കൊച്ചിൻ വാട്ടർ മെട്രോയുടെ പ്രത്യേകത.

ഹൈഡ്രജൻ ഇന്ധനം വാങ്ങിക്കാനും അതുപയോഗിച്ച് ബസുകൾ ഓടിക്കാനുമായി 10 കോടി രൂപയാണ് കെ.എം.ആർ.എല്ലിനായി സർക്കാർ വകയിരുത്തിയത്. ഇതിനൊക്കെ പുറമേ കേരളത്തിന്റെ പാതയോരങ്ങളിൽ കഫ്റ്റീരിയ, വാഷിംഗ് റൂം സൗകര്യങ്ങളുള്ള ചാർജിങ് സ്റ്റേഷനുകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രവർത്തനങ്ങളുടെ ഫലമായാണ് സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു വർഷംകൊണ്ട് 455 ശതമാനം വർധിച്ചത്.  എന്നാൽ,വാഹനങ്ങളുടെ വലിയ വിലയും ഒറ്റ തവണ ചാർജിൽ സാധ്യമാകുന്ന കുറഞ്ഞ സഞ്ചാര ദൂരവും ആളുകളെ ഇ-വാഹനങ്ങൾ തെരഞ്ഞെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന അവസ്ഥയുണ്ട്. ബാറ്ററി സ്വാപ്പിംഗ് പോലുള്ള നടപടികളിലൂടെ ഇക്കാര്യങ്ങൾ പരിഹരിക്കാനാകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ചടങ്ങിൽ ഗതാഗതമന്ത്രി ആൻറണി രാജു അധ്യക്ഷത വഹിച്ചു. 40 ഓളം ബസുകൾ നിലവിൽ പുറത്തിറക്കിയ മോട്ടോർ വാഹന വകുപ്പ് ഉടൻ തന്നെ 400 ഇ-ബസുകൾ റോഡിൽ ഇറക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന വ്യവസായ വകുപ്പ് പാരമ്പര്യേതര ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനായി ആ മേഖലയിൽ ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് വ്യവസായമന്ത്രി പി രാജീവ് വ്യക്തമാക്കി. വ്യവസായ വകുപ്പിൽ ഇ.എസ്.ജി (എൻവയോൺമെന്റൽ, സോഷ്യൽ ആന്റ് ഗവേണൻസ്) നയം നടപ്പാക്കും.

ഇ-മൊബിലിറ്റി നയം ആദ്യമായി നടപ്പാക്കിയ കേരളം ആ രംഗത്ത് നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് ഇൻസെന്റീവ് നൽകുമെന്ന് മന്ത്രി പറഞ്ഞു. നാല് ദിവസം നീളുന്ന അന്തർദേശീയ മേളയിൽ രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ഓട്ടോമൊബൈൽ രംഗത്തെ ഗവേഷകർ, ബാറ്ററി നിർമാതാക്കൾ, സ്റ്റാർട്ടപ്പുകൾ,വാഹന നിർമ്മാതാക്കൾ എന്നിവർ പങ്കെടുക്കുന്നുണ്ട്.

ചടങ്ങിൽ മന്ത്രിമാരായ കെ. എൻ ബാലഗോപാൽ, കെ രാജൻ,ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ഇന്ത്യയിലെ ജർമൻ കോൺസൽ ജനറൽ അഹിം ബർകാട്ട്,  തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ,  ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, എ.ഡി.ജി.പി ശ്രീജിത്ത്  എന്നിവർ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment