ഹരിതകർമ്മസേന ശുചിത്വ കേരളത്തിന്റെ സൈന്യം :മന്ത്രി

ശുചിത്വ കേരളത്തിന്റെ സൈന്യമാണ് ഹരിത കർമ്മ സേനയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. ഹരിതകർമ്മ സേനക്കെതിരെ സമൂഹ മാധ്യമങ്ങളിൽ അപമാനകരമായ പ്രസ്താവന നടത്തുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും സർക്കാരിന്റെ പൂർണ്ണ പിന്തുണ ഹരിത കർമ്മ സേനയ്ക്ക് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂര്‍ നഗരസഭയുടെ അഭിമാന പദ്ധതികളായ എസി രാമൻ ചിൽഡ്രൻസ് പാർക്ക്, വഴിയോര വിശ്രമ കേന്ദ്രം, എംസിഎഫ് എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
തീർത്ഥാടന നഗരി എന്നതിലുപരി ശുചിത്വ കേരളത്തിന്റെ കേന്ദ്രമായി ഗുരുവായൂർ ഇനി അറിയപ്പെടും. മാലിന്യ സംസ്കരണത്തിൽ ഗുരുവായൂർ നഗരസഭയുടെ മാതൃക കേരളം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. തുല്യത പരീക്ഷയിലൂടെ മികച്ച വിജയം നേടിയ ഗുരുവായൂർ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളായ സിമി സുനിൽ, റീന സുഭാഷ് എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.
ഗുരുവായൂർ നഗരസഭയിൽ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന മാലിന്യ നിക്ഷേപ കേന്ദ്രമായ ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ മുഖച്ഛായ ഇതോടെ മാറുകയാണ്. മനുഷ്യവാസം അന്യമാക്കുന്ന, ദുര്‍ഗന്ധം പേറുന്ന മാലിന്യമലകളുടെ ചരിത്രം പേറിയിരുന്ന സ്ഥലമാണ് ഇന്ന് പൂങ്കാവനമായി മാറിയിരിക്കുന്നത്.ഈ സ്ഥലത്തിന്‍റെ ഒരു ഭാഗം നേരത്തെ തന്നെ ആധുനിക ഗ്യാസ് ക്രിമറ്റോറിയവും, മാലിന്യ സംസ്ക്കരണത്തിന്‍റെ നൂതനാശയങ്ങളോടെ ബയോപാര്‍ക്കും, അഗ്രോ നഴ്സറിയുമായി മാറ്റിയിരുന്നു. ഇപ്പോള്‍ ബയോ പാര്‍ക്കില്‍, 42 ലക്ഷം രൂപ ചെലവഴിച്ച്, അജൈവ മാലിന്യം തരം തിരിക്കാനുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റർ നിര്‍മ്മിച്ചിരിക്കുകയാണ്.
ട്രഞ്ചിംഗ് ഗ്രൗണ്ടിന്‍റെ ബാക്കിയുണ്ടായിരുന്ന ഒരു ഭാഗത്ത് 43 ലക്ഷം രൂപ ചിലവഴിച്ച് കുട്ടികള്‍ക്ക്, കളിക്കാനും മുതിര്‍ന്നവര്‍ക്ക് രസിക്കാനും കഴിയുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കും സജ്ജമാക്കിയിട്ടുണ്ട്.ഗുരുവായൂര്‍ സത്യഗ്രഹത്തിലെ പ്രധാനിയായിരുന്ന എ സി രാമന്‍റ നാമമാണ് ചില്‍ഡ്രന്‍സ് പാര്‍ക്കിന് നൽകിയിട്ടുള്ളത്. മറ്റൊരു ഭാഗത്ത് 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് തയ്യാറാക്കിയ വഴിയോര വിശ്രമകേന്ദ്രത്തിന്‍റെയും നിര്‍മ്മാണം പൂര്‍ത്തികരിച്ചു. ഗുരുവായൂരിലേക്ക് കടന്ന് പോകുന്നവര്‍ക്ക് ഇടത്താവളമായി പ്രാഥമിക സൗകര്യങ്ങളോടു കൂടിയാണ് വഴിയോര വിശ്രമകേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്.
There are no comments at the moment, do you want to add one?
Write a comment