20 ലക്ഷം പേർക്കു തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കും: മന്ത്രി വി. ശിവൻകുട്ടി

ഈ സർക്കാരിന്റെ കാലത്ത് 20 ലക്ഷം പേർക്കു തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നു തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സർക്കാർ സംവിധാനങ്ങൾക്കു പുറമേ സ്വകാര്യ മേഖലയിലെ തൊഴിൽ ദാതാക്കളെയും ഉൾപ്പെടുത്തി പരമാവധി പേർക്കു തൊഴിൽ നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. വ്യാവസായിക പരിശീലന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെറിട്ടോറിയ-23 ജോബ്ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2022ലെ ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റിലെ ദേശീയതല റാങ്ക് ജേതാക്കൾക്കുള്ള ആദരം, സ്പെക്ട്രം ജോബ് ഫെയർ 2023ന്റെ ഉദ്ഘാടനം, ദത്ത് ഗ്രാമം പദ്ധതിയുടെ പ്രഖ്യാപനം, വകുപ്പിന്റെ സമ്പൂർണ ഇ-ഓഫിസ് പ്രഖ്യാപനം എന്നിവയും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
വ്യാവസായിക പരിശീലന വകുപ്പ് എല്ലാ ജില്ലകളിലും നോഡൽ ഐ.ടി.ഐകളിൽ ജനുവരി 23 വരെ ഈ വർഷത്തെ ജോബ് ഫെയർ സംഘടിപ്പിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഈ ജോബ് ഫെയറുകളിൽ സംസ്ഥാനത്തിനകത്തും പുറത്തുമുളള പ്രശസ്ത കമ്പനികളും കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും തൊഴിൽ ദാതാക്കളായി പങ്കെടുക്കുന്നുണ്ട്. 2021-22 വർഷം നടത്തിയ ജോബ് ഫെയറിൽ 13,360 ട്രെയിനികൾ രജിസ്റ്റർ ചെയ്ത് പങ്കെടുത്തു. 663 കമ്പനികളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുക്കുത്ത ജോബ് ഫെയറിൽ 6243 ട്രെയിനികൾ ജോലി നേടി. ജോബ് ഫെയർ ആരംഭിച്ചതു മുതൽ വർഷം തോറും ഇതിൽ പങ്കെടുക്കുന്ന കമ്പനികളുടെയും ഉദ്യോഗാർഥികളുടെയും എണ്ണത്തിലും ജോലി ലഭിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടാകുന്നുണ്ട്. അടുത്ത ജോബ് ഫെയറിൽ ദേശീയതലത്തിലുള്ള തൊഴിൽ ദാതാക്കളെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment