ഒരു വർഷത്തിനിടെ അമ്മയും അച്ഛനും ഓർമയായി : ഇരട്ടക്കുരുന്നുകൾ തനിച്ചായി

January 11
11:26
2023
പത്തനംതിട്ട : ഹെർലിനും ഹെലേനയ്ക്കും ഒന്നരവയസ്സുള്ളപ്പോളാണ് അമ്മയെന്ന തണൽ മാഞ്ഞത്. ഒരു വർഷത്തിനിപ്പുറം അച്ഛനെന്ന സ്നേഹവിളക്കുമണഞ്ഞു. ഇനി രണ്ടരവയസ്സു മാത്രമുള്ള കുരുന്നുകൾ. ഒരു വർഷം മുൻപ് അമ്മ ടീനയെ കാൻസർ കവർന്നെടുത്തതു മുതൽ അച്ഛൻ ജോബിയായിരുന്നു ഹെർലിന്റെയും ഹെലേനയുടെയുമെല്ലാമല്ലാം. ആകസ്മികമായി ജോബിയും മരണത്തിന് കീഴടങ്ങിയതോടെ കുരുന്നുകൾ തീർത്തും തനിച്ചായി. കോന്നി ആനകുത്തി സ്വദേശികളായ ടീന – ജോബി ദമ്പതികൾക്ക് നീണ്ട 12 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്. ഗർഭിണിയായിരുന്നപ്പോഴാണ് ടീനയ്ക്ക് സ്തനാർബുദം കണ്ടെത്തിയത്. തുടർന്ന് ഏഴാം മാസത്തിൽ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു. ടീനയും ജോബിയും ഡൽഹിയിലായിരുന്നു താമസം. കാൻസർ ബാധ തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തിയ ടീന ഒരു വർഷം നീണ്ട ചികിത്സകൾക്കൊടുവിൽ ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാൽ, അധികം വൈകാതെ ടീനയുടെ ശ്വാസകോശത്തിലും കാൻസർ പിടിമുറുക്കി. മാസങ്ങൾ ചികിത്സകൾ നടത്തിയെങ്കിലും 2022 ജനുവരി 19ന് ടീന മരണത്തിന് കീഴടങ്ങി. തുടർന്ന് ജോബിയും മക്കളും കൊടുമണ്ണിൽ സഹോദരി ജിൻസി മാത്യുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. കൊടുമണ്ണിൽ കച്ചവടസ്ഥാപനം ആരംഭിച്ച് മക്കളുമൊത്ത് ജീവിതത്തിലേക്ക് പതിയെ ചുവടുറപ്പിച്ചു തുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം. ടീനയ്ക്ക് രോഗം സ്ഥിരീകരിച്ച നാൾ മുതൽ ഹെർലിനെയും ഹെലേനയെയും കൈപിടിച്ചു നടത്തിയ ജിൻസിയുടെയും കുടുംബത്തിന്റെയും പരിചരണത്തിലാണ് ഇപ്പോൾ കുട്ടികൾ. ജോബിയുടെ മൃതദേഹം ഇന്ന് ആനകുത്തി ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ സംസ്കരിക്കും.
There are no comments at the moment, do you want to add one?
Write a comment