Asian Metro News

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമ ഭേദഗതി

 Breaking News

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയമ ഭേദഗതി

ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾ  പരിഹരിക്കാൻ നിയമ ഭേദഗതി
January 11
10:34 2023

ഇടുക്കി ജില്ലയിലെ ഭൂവിനിയോഗത്തിലെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 1960 ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തും. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ഈ മാസം 23നു  ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

1960 ലെ ഭൂപതിവ് നിയമത്തിൽ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന പുതിയ വകുപ്പ് ചേർത്താണ് നിയമ ഭേദഗതി.  ഇതിന്റെ തുടർച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും  ഭേദഗതി ചെയ്യും.

ജീവിതോപാധിക്കായി നടത്തിയ ചെറു നിർമ്മാണങ്ങളും (1500 സ്‌ക്വയർ ഫീറ്റ് വരെയുള്ളവ) കാർഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിർമ്മാണവും എന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനായി അപേക്ഷ ഫീസും ക്രമവൽക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

1500 സ്‌ക്വയർ ഫീറ്റിന് മുകളിൽ വിസ്തീർണ്ണമുള്ള നിർമ്മിതികൾ ക്രമപ്പെടുത്തേണ്ടിവരികയാണെങ്കിൽ ഉയർന്ന ഫീസുകൾ ഈടാക്കുന്നത് പരിഗണിക്കും.   ക്രമപ്പെടുത്തൽ നടത്തുമ്പോൾ പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽശാലകൾ, വാണിജ്യകേന്ദ്രങ്ങൾ, മതപരമോ സാംസ്‌കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങൾ, പൊതു ഉപയോഗത്തിനുള്ള നിർമ്മാണങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ക്ലിനിക്കുകൾ/ആരോഗ്യകേന്ദ്രങ്ങൾ, ജുഡീഷ്യൽ ഫോറങ്ങൾ, ബസ് സ്റ്റാൻറുകൾ, റോഡുകൾ, പൊതുജനങ്ങൾ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 2016 ലെ ഭിന്നശേഷിക്കാരുടെ അവകാശം നിയമ പ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിർവചിച്ചിട്ടുള്ളവ  ആണ്  ഇങ്ങനെ ഒഴിവാക്കുക.

 സംസ്ഥാനത്തിന് പൊതുവിൽ ബാധകമാകും വിധത്തിൽ പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങൾ  തയ്യാറാക്കാൻ റവന്യൂ -നിയമ വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

കാർഡമം ഹിൽ റിസർവിൽ ഭൂമി പതിച്ചു നൽകുന്നതിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ഭൂമിയുടെ പ്രത്യേക പട്ടിക ഉടൻ  ലഭ്യമാക്കി ലാൻഡ് രജിസ്റ്ററിൽ ചട്ടം 2(എഫ്) പ്രകാരമുള്ള നിബന്ധനകൾ പാലിക്കുന്ന കൈവശങ്ങൾക്ക് പട്ടയം അനുവദിക്കും.   20384.59 ഹെക്ടർ ഭൂമിക്കാണ് ഇങ്ങനെ അനുമതിയുള്ളത്. ഇതിൽ പട്ടയം നൽകാൻ ബാക്കിയുള്ളവയിൽ അടിയന്തര തീരുമാനമെടുക്കാൻ റവന്യൂ, വനം വകുപ്പുകളും ജില്ലാ കളക്ടറും കെ എസ് ഇ ബിയും ചർച്ച നടത്തും. പതിനായിരത്തോളം ഹെക്ടർ ഭൂമിക്ക് ഇങ്ങനെ പട്ടയം നല്കാനാകുമെന്നു യോഗം വിലയിരുത്തി.

പൊതുസവിശേഷതകളുടെ അടിസ്ഥാനത്തിൽ  രണ്ടുതരം പ്രശ്‌നങ്ങളാണ് ഇടുക്കിയിലെ ഭൂപതിവുമായി ബന്ധപ്പെട്ടുള്ളതെന്നു മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു.  1960 ലെ ഭൂപതിവ് നിയമത്തിലും  ഭൂപതിവ് ചട്ടങ്ങളിലുമുള്ള ഭേദഗതികളിലൂടെ മാത്രം പരിഹരിക്കാവുന്നവയാണ് ഒന്നാമത്തെ വിഭാഗം.  നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുന്നതുവരെ കാത്തിരിക്കാതെ ക്രമപ്പെടുത്തി ആവശ്യമെങ്കിൽ നിയമ, ചട്ട ഭേദഗതികൾക്കുശേഷം സാധൂകരിക്കാവുന്നതുമായ പ്രശ്‌നങ്ങളാണ് രണ്ടാമത്തേത്. രണ്ടാമത്തെയിനത്തിൽ  ഉയർന്ന ഒൻപത്  പ്രശ്‌നങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. ഇവയിൽ ഉടൻ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു.

ഇടുക്കി, തൊഴുപുഴ താലൂക്കുകളിലെ അറക്കുളം, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലെ ഏതാണ്ട് ഇരുപതിനായിരത്തോളം ഗുണഭോക്താക്കളിൽ 10,390 പേർ സമർപ്പിച്ച അപേക്ഷകൾ, ഉടുമ്പൻചോല താലൂക്കിലെ ഇരട്ടയാർ വില്ലേജിൽ ഇരട്ടയാർ ഡാമിന്റെ പത്ത് ചെയിൻ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന 60 കൈവശക്കാർക്ക് പട്ടയം ലഭ്യമാക്കൽ, ഇടുക്കി പദ്ധതി പ്രദേശത്ത് മൂന്ന് ചെയിൻ മേഖലയ്ക്കു പുറത്ത് പട്ടയം അനുവദിച്ച  സർക്കാർ ഉത്തരവ് ഇരട്ടയാർ ഡാമിന്റെ പത്ത് ചെയിൻ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന പ്രദേശത്തിനുകൂടി ബാധകമാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment