മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് കേരള സ്കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ പല കലാരൂപങ്ങളും കാലാനുസൃതമായി നവീകരിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങൾ അരങ്ങേറുന്ന വേദി എന്നതിനപ്പുറം സാമൂഹ്യ വിമർശനത്തിന്റെയും നവീകരണത്തിന്റെയും ചാല് കീറുന്നതിനായി പുതുതലമുറ വിവിധ കലകളെ ഉപയോഗപ്പെടുത്തുന്ന സാംസ്കാരിക കൂട്ടായ്മയായി കലോത്സവം മാറുകയാണ്. ഈ പ്രത്യേകത കൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കലോത്സവം മാറിയത്.
കുട്ടികളുടെ സർഗ്ഗ വാസനകൾ അവതരിപ്പിക്കുമ്പോൾ ആ പ്രകടനങ്ങളിൽ സന്തോഷിക്കാൻ എല്ലാവർക്കും സാധിക്കണം. കേരളത്തിന്റെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളുടെ പരിഛേദമായിരിക്കും കലോത്സവ വേദിയിൽ കാണാൻ ശ്രദ്ധിക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഗോത്രകലകൾ അടക്കമുള്ളവയെ കലോത്സവത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരുടെ കലാവാസനകൾ വളർത്താൻ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. കാലത്തിനനുസരിച്ച് കലോത്സവ മാന്വൽ പരിഷ്കരിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലോത്സവം ജനകീയമായി മാറുമെന്നും നവീനമായ ഇടപെടലുകൾകൊണ്ട് കലോത്സവം ശ്രദ്ധേയമാവുമെന്നും മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. കലാപ്രതിഭകളെ വിവിധ വേദികളിലേക്ക് എത്തിക്കാനുള്ള കലോത്സവ വണ്ടികളും ഓട്ടോകളും കോഴിക്കോടിന്റെ ആതിഥ്യമര്യാദയുടെ പ്രതീകമാണ്. വിവിധ കമ്മിറ്റികൾ, ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, അധ്യാപക-വിദ്യാർത്ഥി- യുവജന സംഘടനകൾ, വകുപ്പുകൾ തുടങ്ങി നിരവധി പേരുടെ ഒരുമിച്ചുള്ള പ്രവർത്തനമാണിതെന്നും മന്ത്രി പറഞ്ഞു.