തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 429 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതിൽ 43 എണ്ണം അടപ്പിച്ചു. ഇതിൽ 22 സ്ഥാപനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവർത്തിച്ചിരുന്നത്. 21 എണ്ണത്തിനു ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഉണ്ടായിരുന്നില്ല. ഭക്ഷ്യസുരക്ഷ നിയമവുമായി ബന്ധപ്പെട്ട വിവിധ വീഴ്ചകൾക്കു 138 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. 44 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനമാകെ പരിശോധന വ്യാപകമാക്കാൻ ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ടന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ക്രിസ്മസ്, പുതുവത്സര അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് ‘ഓപ്പറേഷൻ ഹോളിഡേ’ എന്ന പേരിൽ പ്രത്യേക പരിശോധന നടത്തിയിരുന്നു. അവധി ദിവസങ്ങൾക്കു ശേഷം ചില കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണു പരിശോധന തുടരുന്നത്.
