ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കാന്‍ നടപടി : മന്ത്രി

ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ ഈ പ്രശ്‌നം വളരെ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ദേശീയ ഉദ്യാനവും പാര്‍ക്കും ഉള്‍പ്പെട്ട മേഖലയിലെ ചുറ്റുമുളള ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍ സോണായി നില്‍ക്കണം. ഈ വിധിയെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം എങ്ങനെ പരിഹരിക്കാം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. അതിന് സര്‍ക്കാര്‍ ഒരു നിലപാട് എടുത്തു, ജനവാസ മേഖലയെ എങ്ങനെ പൂര്‍ണമായി ഒഴിവാക്കാം. നമുക്ക് ജനവാസ മേഖലയല്ലാത്ത സ്ഥലം വളരെ കുറവാണ്. ഈ കേസുമായി ബന്ധപ്പെട്ട് മതിയായ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
ജനസാന്ദ്രത ഉള്ള മേഖലയാണെങ്കില്‍ കൃത്യമായ സ്ഥിതി വിവര കണക്കുകള്‍ ഹാജരാക്കണം. കെട്ടിടങ്ങള്‍, ആശുപതികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച കണക്കുകള്‍ സുപ്രീംകോടതിക്ക് നല്‍കണം. ഇതാണ് നമ്മുടെ ഭാഗത്തുനിന്നും ജനസാന്ദ്രത കാണിക്കുന്നതിനുള്ള തെളിവ്. സാറ്റലൈറ്റ് സര്‍വേ നടത്തണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത് അനുസരിച്ചുള്ള ആകാശ സര്‍വേ ആണ് ഇപ്പോള്‍ നടത്തിയിട്ടുള്ളത്. ആകാശ സര്‍വേ നടത്തിയതു കൊണ്ടു മാത്രം യാഥാര്‍ഥ്യമായി കൊള്ളണമെന്നില്ല എന്നത് സര്‍ക്കാരിന് ബോധ്യമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഒരു വിദഗ്ധ നിഷ്പക്ഷ സമിതിയെ നിശ്ചയിക്കാന്‍ വേണ്ടി തീരുമാനിച്ചിരുന്നു. ഈ സമിതി ഇതിനകം മൂന്നു തവണ യോഗം ചേര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജനങ്ങളുടെ അഭിപ്രായം അറിയണം. അതിനുള്ള അടിസ്ഥാന രേഖയാണ് ആകാശ സര്‍വേയുടെ റിപ്പോര്‍ട്ട്.
There are no comments at the moment, do you want to add one?
Write a comment