നാടിന്റെ സ്വൈര്യവും സമാധാനവും ശാന്ത ജീവിതവും തകർക്കുകയെന്ന ഹീനലക്ഷ്യത്തോടെയും വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയും ചില പ്രക്ഷോഭങ്ങൾ അക്രമ സമരത്തിലേക്കു മാറുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ആക്രമണത്തിലൂടെ അക്രമികൾ പ്രതീക്ഷിക്കുന്നതെന്താണെന്നു തിരിച്ചറിയാൻ വിവേകമുള്ള പൊലീസ് സേനയ്ക്കു കഴിഞ്ഞതുകൊണ്ടാണ് നാട് ഇന്നത്തെ അന്തരീക്ഷത്തിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ കേരള പൊലീസ് അക്കാദമിയിൽ വനിതാ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ ഓൺലൈനായി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വർത്തമാനകാലത്ത് വിവിധ രീതിയിലുള്ള പരീക്ഷണഘട്ടങ്ങൾ പൊലീസിനു നേരിടേണ്ടിവരുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അക്രമ സമരങ്ങളുടെ ഭാഗമായി പൊലീസിനു നേർക്ക് വ്യാപകമായ ആക്രമണമുണ്ടാകുന്നു. പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്നു പരസ്യമായി ഭീഷണിമുഴക്കുന്നു. ഇതിന് ആഹ്വാനം ചെയ്തവരടക്കം അക്രമം സംഘടിപ്പിക്കാൻ തയാറാകുന്നു. പൊലീസ് സ്റ്റേഷൻ ആക്രമിക്കപ്പെടുകയും നിരവധി പൊലീസുകാർക്കു പരുക്കേൽക്കുകയും ചെയ്യുന്നു. വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്നവർ ആഗ്രഹിക്കുന്ന തരത്തിലേക്കു നാട് മാറാതിരുന്നത് പൊലീസ് സേനകാണിച്ച ധീരോദാത്തമായ സംയമനംമൂലമാണെന്നു സർക്കാർ തിരിച്ചറിയുന്നു. വ്യക്തമായും കൊലപ്പെടുത്താൻ ഉദ്ദേശ്യത്തോടെയുള്ള ആക്രമണങ്ങളാണ് അരങ്ങേറുന്നത്. സമചിത്തത കൈവിടാതെയും തങ്ങളിൽ അർപ്പിതമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായി നാട് മറ്റൊരുതരത്തിലേക്കു മാറിക്കൂടെന്ന ദൃഢനിശ്ചയത്തോടെയും ആത്മസംയമനം പാലിച്ച് അക്രമികളെ നേരിടാൻ തയാറായ പൊലീസ് സേനയെ ഹാർദമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.