സംസ്ഥാനം ഊർജ്ജ സ്വയം പര്യാപ്തതയിലേക്ക് മാറുകയാണ്: മുഖ്യമന്ത്രി

സൗരോർജമടക്കമുള്ള പുനഃരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകളെ പരമാവധി ആശ്രയിച്ചും ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയും ഊർജ സ്വയം പര്യാപ്തതയിലേക്ക് കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷനും പട്ടികജാതി വകുപ്പും നിർമിച്ച വീടുകളിൽ അനെർട്ടിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച സൗരോർജ പ്ലാന്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആദ്യഘട്ടമെന്ന നിലയിൽ നിലവിൽ 500 വീടുകളിലാണ് സൗരോർജ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 400 വീടുകൾ ലൈഫ് മിഷനും 100 വീടുകൾ പട്ടികജാതി വകുപ്പും നിർമിച്ചവയാണ്. വീടിനാവശ്യമുള്ള വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതോടൊപ്പം അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകി സാമ്പത്തികലാഭവും നേടാവുന്നതാണ്. ആഗോള താപനത്തിന്റെ പശ്ചാത്തലത്തിൽ ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി പുനഃരുപയോഗിക്കാവുന്നതും പരിസ്ഥിതി സൗഹൃദമാർന്നതുമായ ഊർജ സ്രോതസ്സുകളെ പരമാവധി ഉപയോഗിക്കുക എന്നതാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന പരിസ്ഥിതി സൗഹൃദ നയം. ഈജിപ്തിൽ നടന്ന കാലവസ്ഥ ഉച്ചകോടിയിലും സമാനമായ ചർച്ചകൾ നടന്നെങ്കിലും ചില സ്ഥാപിത താൽപര്യങ്ങളാൽ ലോക രാജ്യങ്ങൾക്കിടയിൽ തീരുമാനത്തിലെത്താൻ കഴിയാതെ പോയ സാഹചര്യവും ചൂണ്ടിക്കാട്ടുകയാണ്. ഈ സാഹചര്യത്തിലും സംസ്ഥാന സർക്കാർ വരും തലമുറയോടു കൂടിയുള്ള പ്രതിബദ്ധതയുടെ ഭാഗമായി പ്രകൃതി സൗഹൃദ നയമാണ് തുടരുന്നത്.
There are no comments at the moment, do you want to add one?
Write a comment