സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം; ജനകീയ ചര്‍ച്ച നടത്തി

സ്കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വരൂപിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമായി ജില്ലാതല ജനകീയ ചര്‍ച്ച നടത്തി. 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുണ്ടേരി ജി.വി.എച്ച്.എസ്.എസില്‍ പാഠ്യപദ്ധതി പരിഷ്കരണ ജനകീയ ചര്‍ച്ച നടത്തിയത്. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വിവിധ വകുപ്പുകളിലെ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന 10 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചര്‍ച്ചകള്‍ നടന്നത്. വിദ്യാഭ്യാസത്തിന്റെ ദര്‍ശനം, മൂല്യവിദ്യാഭ്യാസം, ശൈശവ കാല പരിചരണവും വികാസവും, ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം, പാഠ്യപദ്ധതിയും ബോധനശാസ്ത്രവും, വിലയിരുത്തല്‍ സംവിധാനത്തിലെ പരിഷ്കരണവും കുട്ടികളുടെ സമഗ്ര പുരോഗതി രേഖയും, ഗുണമേന്മയുള്ള പഠനസാമഗ്രികളുടെ രൂപീകരണം, സാമൂഹ്യശാസ്ത്ര വിദ്യാഭ്യാസം, ഇന്ത്യയെക്കുറിച്ചുള്ള അറിവ്, തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം, ആരോഗ്യ-കായിക വിദ്യാഭ്യാസം, ശാസ്ത്ര-ഗണിത- വിദ്യാഭ്യാസവും ഗണന ചിന്തയും, പരിസ്ഥിതി വിദ്യാഭ്യാസം, ഭാഷാ വിദ്യാഭ്യാസം, സാങ്കേതികവിദ്യ വിദ്യാഭ്യാസത്തില്‍, അധ്യാപക വിദ്യാഭ്യാസം, ലിംഗനീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം, ഗൈഡന്‍സും കൗണ്‍സിലിംഗും വിദ്യാലയത്തില്‍, രക്ഷകര്‍ത്തൃ വിദ്യാഭ്യാസം, സ്കൂള്‍ ഭരണവും നേതൃത്വവും, വിദ്യാഭ്യാസത്തില്‍ സമൂഹത്തിന്റെ പങ്ക്, സ്കൂള്‍ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം, ബദല്‍ വിദ്യാഭ്യാസ സംവിധാനങ്ങള്‍, മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും എന്നീ ഫോക്കസ് മേഖലകളാണ് ചര്‍ച്ച ചെയ്തത്.
ജനകീയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റിക്ക് നല്‍കും. ജനങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിക്കുന്ന നിര്‍ദ്ദേശങ്ങളുംകൂടി പരിഗണിച്ചാണ് പാഠ്യപദ്ധതി പരിഷ്ക്കരിക്കുന്നത്.
ജനകീയ ചര്‍ച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശിപ്രഭ അധ്യക്ഷത വഹിച്ചു. അഡീഷണല്‍ എസ്.പി വിനോദ് പിള്ള, ഡയറ്റ് പ്രിന്‍സിപ്പല്‍ അബ്ബാസ് അലി, ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ.എം. സെബാസ്റ്റ്യന്‍, മുണ്ടേരി ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ പി.ടി സജീവന്, മുണ്ടേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡി.കെ സിന്ധു, എസ്.എസ്.കെ ജില്ലാ കോഡിനേറ്റര്‍ വി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.ഇ.ഒമാര്‍, അധ്യാപകര്‍, യുവജന സംഘടനാ പ്രതിനിധികള്‍, സാമൂഹ്യ-വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ജനകീയ ചര്‍ച്ചയില്‍ പങ്കെടുത്തു.
There are no comments at the moment, do you want to add one?
Write a comment