മൃഗസംരക്ഷണ വകുപ്പിന്റെ കർഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തിയ കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ 2021ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന കർഷകർക്കു പ്രോത്സാഹനം നൽകുന്നതിനാണ് സംസ്ഥാനതലത്തിൽ പുരസ്‌കാരങ്ങൾ നൽകുന്നതെന്നു പുരസ്‌കാര പ്രഖ്യാപനം നടത്തിക്കൊണ്ട് മൃഗസംക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
മികച്ച ക്ഷീരകർഷകനുള്ള 1,00,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡിന് ഇടുക്കി ജില്ലയിലെ ചീനിക്കുഴ ഉടുമ്പന്നൂർ സ്വദേശി ഷൈൻ കെ.വി. അർഹനായി. പ്രതിദിനം ഉയർന്ന പാലുല്പാദനം ലഭിക്കുന്ന പശുവിനെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നതിനാണ് ഷൈൻ കെ.വിയെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. നിലവിലെ പ്രതിദിന പാലുത്പാദനം, പ്രസ്തുത പശുവിന്റെ ആരോഗ്യ സ്ഥിതി, തീറ്റപ്പുല്ല്, ശാസ്ത്രിയ പരിപാലന രീതികൾ, പശുവിനെ പരിപാലിക്കുന്നതിലെ നൂതന രീതികൾ, തീറ്റപ്പുൽ കൃഷി, മാലിന്യ സംസ്‌കരണം, പാലുൽപന്നങ്ങൾ, വൃത്തി, മൃഗസംരക്ഷണ മേഖലയിലെ സാങ്കേതികവിദ്യ, ഈ മേഖലയിൽ നിന്നും ലഭിക്കുന്ന ആദായം/വരുമാനം എന്നിവയാണ് അവാർഡിന് പരിഗണിച്ചത്. 15ൽ അധികം വർഷമായി ഷൈൻ ക്ഷീരമേഖലയിൽ പ്രവർത്തിച്ചു വരുന്നു. പശുക്കളും കിടാരികളും പശുക്കുട്ടികളും ഉൽപ്പെടെ ആകെ 210 കന്നുകാലികളെ നിലവിൽ വളർത്തുന്നുണ്ട്. 2600 ലിറ്ററോളം പാൽ പ്രതിദിനം വിപണനം നടത്തുന്നുണ്ട്. കൂടാതെ മറ്റു പാൽ ഉല്പന്നങ്ങളും വിപണനം നടത്തുന്നുണ്ട്. പ്രതിദിനം 45 ലിറ്റർ പാൽ ലഭിക്കുന്ന പശുവിനെ ഷൈൻ വളർത്തുന്നുണ്ട്.
വാണിജ്യാടിസ്ഥാനത്തിലെ മികച്ച ക്ഷീര കർഷകനുള്ള ക്ഷീരശ്രീ പുരസ്‌കാരം തൃശൂർ ജില്ലയിലെ അടിച്ചില്ലിയിലുള്ള നവ്യ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ ജിജി ബിജു അർഹയായി. 1,00,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഏറ്റവും കുറഞ്ഞത് 50 കറവപ്പശുക്കളെ വളർത്തുന്നവരെയാണ് അവാർഡിനായി പരിഗണിച്ചത്. പശുക്കളുടെ എണ്ണം, ആരോഗ്യ സ്ഥിതി, വൃത്തി, പാൽ ഉല്പാദനം, പാലുൽപന്നങ്ങൾ, പുൽകൃഷി, സാങ്കേതികവിദ്യ, മാലിന്യ നിർമ്മാർജ്ജനം, നൂതനാശയങ്ങൾ, ശാസ്ത്രിയ പരിപാലന രീതികൾ, ഈ മേഖലയിൽ നിന്നും ലഭിക്കുന്ന ആദായം/വരുമാനം എന്നിവ പരിഗണിച്ചാണ് അവാർഡ് നിർണയിച്ചത്. പശുക്കളും, കിടാരികളും പശുക്കുട്ടികളും ഉൽപ്പെടെ ആകെ 267 ഓളം കന്നുകാലികളെ നിലവിൽ വളർത്തുന്നുണ്ട്. 1900 ലിറ്റർ പാൽ പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. നവ്യ ഫാംസ് എന്ന പേരിൽ പാലും പാൽ ഉല്പന്നങ്ങളും വിപണനം ചെയ്യുന്നു.
There are no comments at the moment, do you want to add one?
Write a comment