മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയ്ക്കായി നാടൊരുങ്ങിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. സംസ്ഥാനത്തെങ്ങും നവംബർ ഒന്നിന് വൈകിട്ട് മൂന്ന് മണിക്കാണ് ശൃംഖല. ഓരോ വാർഡിലെയും വിദ്യാലയങ്ങളും ഓഫീസുകളും കേന്ദ്രീകരിച്ചാണ് ശൃംഖല തീർക്കുന്നത്.
വിദ്യാലയങ്ങളില്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രത്തിൽ ശൃംഖല തീർക്കും. ഇതിന് പുറമേ സംസ്ഥാനത്തെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ ശൃംഖല സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയിൽ, പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് ചടങ്ങ്. ഗാന്ധി പാർക്ക് മുതൽ അയ്യൻകാളി സ്ക്വയർ വരെ അഞ്ച് കിലോമീറ്ററോളം നീളുന്ന ശൃംഖലയിൽ മന്ത്രിമാരും ജനപ്രതിനിധികളും കാൽലക്ഷത്തോളം വിദ്യാർഥികളും പൊതുജനങ്ങളും കണ്ണിചേരും. സ്കൂളുകളിലെ പരിപാടികളിൽ വിദ്യാർഥികൾക്കൊപ്പം, രക്ഷിതാക്കൾ, അധ്യാപകർ ജീവനക്കാർ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ നാട്ടുകാർ തുടങ്ങിയവരും പങ്കാളികളാകും. മയക്കുമരുന്നിനെതിരെയുള്ള കേരളത്തിന്റെ ഈപോരാട്ടത്തിൽ പങ്കാളികളാകാൻ ഓരോ വ്യക്തിയും തയ്യാറാകണമെന്ന് മന്ത്രി അഭ്യർഥിച്ചു. യുവാക്കളെയും വിദ്യാർഥികളെയും ലഹരിയുടെ വിപത്തിൽ നിന്ന് രക്ഷിക്കാനുള്ള ഈ യുദ്ധത്തിൽ കേരളത്തിന് ജയിച്ചേ പറ്റൂ. ആഗോളാടിസ്ഥാനത്തിൽ തന്നെ മയക്കുമരുന്നിനെതിരെയുള്ള ഏറ്റവും വലിയ ജനമുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഒരേ സമയം ഇത്രയുമധികമാളുകൾ മയക്കുമരുന്നിനെതിരെ അണിചേരുന്നത് ലോകത്ത് തന്നെ അപൂർവ്വമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.