കുളക്കട : കൂറ്റന്‍ തടികള്‍ മുറിച്ചിട്ട് കോളനിയിലേക്കുള്ള വഴി തടസപ്പെടുത്തി. 20 ദിവസമായി യാത്രാതടസ്സം നേരിട്ട് പെരുകുളം പടിഞ്ഞാറ്റതില്‍ കോളനി നിവാസികള്‍. കുളക്കട ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറ്റതില്‍ കോളനി നിവാസികള്‍ക്കാണ് ഈദുര്ഗതി. 25 ഓളം പട്ടികജാതി കുടുംബങ്ങളാണ് ഈ വഴിയെ ആശ്രയിച്ച് ജീവിക്കുന്നത്. വഴി അടഞ്ഞതോടെ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ് ഇവിടുത്തുകാര്‍. ഇരുചക്രവാഹനം പോകാന്‍ മാത്രം കഴിയുന്ന ചെറിയ പാത മാത്രമാണ് കോളനിയിലേക്കുള്ളത്. അതാണ് തടിവ്യാപാരികള്‍ തടിക്കഷണങ്ങള്‍ മുറിച്ചിട്ട് തടസ്സപ്പെടുത്തിയത്. കുട്ടികളെ സ്കൂളിലേക്ക് യാത്രയാക്കാന്‍ മുതിര്‍ന്നവര്‍ എത്തി എടുത്ത് അപ്പുറത്തേക്ക് കടത്തിവിടുകയാണ്. കോളനിയില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ ഇരുചക്രവാഹനത്തില്‍ ഇരുത്തിയാണ് റോഡില്‍ എത്തിക്കുന്നത്. തടിയിട്ട് വഴി അടച്ചതോടെ അതും പ്രതിസന്ധിയിലായി. കോളനിയില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെയാണ് കൂറ്റന്‍ തടികള്‍ മുറിച്ചിട്ടത്. കൂലിവേലകള്‍ ചെയ്ത കുടുംബം പോറ്റുന്നവരായതിനാല് തടിമുറിച്ച ദിവസം ആരുടേയും ശ്രദ്ധയില്‍ ഇത് പെട്ടിരുന്നില്ല. വൈകുന്നേരം വീട്ടിലെത്തുമ്പോഴാണ് വഴി തടസപ്പെട്ട കാര്യം അറിയുന്നത്. പാത മരക്കൊമ്പുകളും ചില്ലകളും വീണ് പൂര്‍ണ്ണമായും തടയപ്പെട്ട നിലയിലായിരുന്നു. മുതിര്‍ന്നവര്‍ എത്തി ചില്ലകള്‍ വെട്ടിമാറ്റിയാണ് കാല്നടയെങ്കിലും സാധ്യമാക്കിയത്. സമ്പൂര്‍ണ്ണ കാര്‍ഷിക മേഖലയായ ഇവിടെ കര്‍ഷകര്‍ക്ക് കൃഷിയിടത്തേക്ക് പോകാനോ കാര്‍ഷിക വിഭവങ്ങളോ വളങ്ങളോ എത്തിക്കാനോ കഴിയാത്ത അവസ്ഥയാണ്. സ്വകാര്യഭൂവുടമ വിറ്റ ആഞ്ഞിലിമരങ്ങളാണ് മുറിച്ച് വഴി തടഞ്ഞത്. എന്നാല്‍ ആരാണ് തടി വാങ്ങിയതെന്ന് പ്രദേശത്ത് ആര്‍ക്കും തന്നെ അറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ഇരുചക്രവാഹനയാത്ര പോലും മുടങ്ങിയതോടെ കോളനി വാസികള്‍ ഒറ്റപ്പെട്ട നിലയിലാണ്.
