കോളജ് ക്യാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ബോധപൂർണിമ ക്യാമ്പയിനിന്റെ ഭാഗമായി എൻഎസ്എസ് വൊളന്റിയർമാരെയും എൻസിസി കേഡറ്റുമാരെയും ചേർത്ത് ലഹരിവിരുദ്ധ കർമസേന രൂപീകരിക്കും. സേനയുടെ നാമകരണവും രൂപീകരണ പ്രഖ്യാപനവും ഇന്ന് (ഒക്ടോബർ 27) രാവിലെ 11ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വി കെ പ്രശാന്ത് എംഎൽഎ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
ഓരോ കലാലയത്തിലെയും എൻഎസ്എസ് – എൻസിസി വിഭാഗം വിദ്യാർഥികളിൽനിന്നും തിരഞ്ഞെടുക്കുന്ന പത്തുപേർ വീതമുള്ള (ആകെ 20) വൊളന്റിയർമാർ ചേരുന്നതാണ് ക്യാമ്പസ് തല കർമസേനയെന്ന് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓരോ കർമസേനാംഗവും മൂന്നുവർഷക്കാലം ലഹരിവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളിയാകും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന വൊളന്റിയർമാർക്ക് മാർഗനിർദേശവും പരിശീലനവും നൽകും. പ്രസംഗപാടവം, കല-കായിക രംഗങ്ങളിലെ മിടുക്ക് തുടങ്ങിയവ കർമ്മസേനയിലേക്കുള്ള തിരഞ്ഞെടുപ്പിൽ അധികയോഗ്യതകളായി കണക്കാക്കും. തെരഞ്ഞെടുക്കപ്പെടുന്ന വൊളന്റിയർമാർക്ക് കൗൺസലിംഗ്, നിയമാവബോധം, ആശയവിനിമയ നൈപുണി എന്നിവയ്ക്ക് മികച്ച പരിശീലനം നൽകും. മികച്ച വളണ്ടിയർമാരെ ക്യാമ്പസ് – ജില്ല – സംസ്ഥാന തലങ്ങളിൽ ആദരിക്കുകയും സാക്ഷ്യപത്രങ്ങൾ നൽകുകയും ചെയ്യും.
പ്രിൻസിപ്പാൾ ചെയർമാനും എൻഎസ്എസ് പ്രോഗ്രാം ഓഫീസറും എൻസിസി ഓഫീസറും മെമ്പർ സെക്രട്ടറിമാരുമായിട്ടാകും കർമസേനയുടെ ക്യാംപസ് തല ഭരണ സംവിധാനം രൂപീകരിക്കുക. മുതിർന്ന അധ്യാപകർ, പിടിഎ മെമ്പർ പ്രതിനിധി, എൻഎസ്എസ് – എൻസിസി വിദ്യാർഥി പ്രതിനിധികൾ, തദ്ദേശസ്ഥാപന പ്രതിനിധി, ഹെൽത്ത് ഇൻസ്പെക്ടർ, പോലീസ്-എക്സൈസ് വകുപ്പ് പ്രതിനിധികൾ, സാമൂഹ്യനീതി വകുപ്പ് പ്രതിനിധി, രണ്ട് പ്രാദേശിക സാമൂഹ്യപ്രവർത്തകർ എന്നിവരാകും എക്സിക്യൂട്ടീവ് കമ്മിറ്റി. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരും, മുഴുവൻ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളും, തിരഞ്ഞെടുത്ത പ്രാദേശിക യുവജന ക്ളബ്ബുകളുടെ പ്രതിനിധികളും, ക്ലാസ് പ്രതിനിധികൾ, പൂർവ്വവിദ്യാർഥിപ്രതിനിധി, വിരമിച്ച അധ്യാപകരും മറ്റു ജീവനക്കാരും എന്നിവർ ഉൾപ്പെട്ടതാണ് ജനറൽ ബോഡി. എല്ലാ മൂന്നു മാസത്തിലും എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരും. മെമ്പർ സെക്രട്ടറിമാർ അതിൽ പ്രവർത്തന റിപ്പോർട്ടു വെക്കും. എല്ലാ അധ്യയനവർഷാരംഭത്തിലും അവസാനത്തിലും ജനറൽ ബോഡി യോഗം ചേരും. പ്രവർത്തനറിപ്പോർട്ട് അവർക്കും ലഭ്യമാക്കും.