ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിലുമായി നടത്തിയ ചർച്ചയിൽ റൈസ് മില്ലേഴ്സ് അസോസിയേഷൻ സപ്ലൈകോയുമായി കരാറിലേർപ്പെടാനും നെല്ലുസംഭരണത്തിൽ സഹകരിക്കാനും തീരുമാനമായി. മില്ലുടമകൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ സത്വര പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.
ഈ വർഷത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ വിന്യാസം, മിൽ അലോട്ട്മെന്റിനുള്ള സജ്ജീകരണം എന്നിവ ആഗസ്റ്റിൽ പൂർത്തിയായിരുന്നു. എന്നാൽ മില്ലുടമകളുടെ സംഘടനയായ റൈസ് മില്ലേഴ്സ് അസോസിയേഷൻ ചില കാര്യങ്ങളിൽ തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നെല്ലുസംഭരിച്ച് പ്രോസസ് ചെയ്ത് സർക്കാരിന് അരിയാക്കി തിരികെ നൽകുന്നതിന് വേണ്ടിയുള്ള കരാറിൽ ഏർപ്പെടാൻ തയ്യാറാവാതെ മാറിനിൽക്കുകയായിരുന്നു. ഇതുമൂലം നെല്ലുസംഭരണം മന്ദഗതിയിലായിരുന്നു.
നെല്ലിന്റെ ഔട്ട് ടേൺ റേഷ്യോ കേന്ദ്രസർക്കാർ 68 ശതമാനമായിട്ടാണ് നിശ്ചയിച്ചിരുന്നത്. ഒരു ക്വിന്റൽ നെല്ല് പ്രോസസ്സ് ചെയ്യുമ്പോൾ 68 കിലോ അരി ഇതുപ്രകാരം മില്ലുടമകൾ പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നതിന് തിരികെ നല്കണം. എന്നാൽ കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും കാരണം സംസ്ഥാനത്ത് ഇത് 64.5 ശതമാനം ആയി സംസ്ഥാന സർക്കാർ നിശ്ചയിച്ചിരുന്നു. എന്നാൽ സമീപകാലത്ത് ഇപ്രകാരം നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് വിധിച്ച് ഹൈക്കോടതി 68 ശതമാനം ഔട്ട് ടേൺ റേഷ്യോ പുനഃസ്ഥാപിച്ചു. ഇത് 64.5 ശതമാനം ആയി നിലനിർത്തണമെന്നതായിരുന്നു മില്ലുടമകളുടെ മുഖ്യ ആവശ്യം.
മില്ലുടമകൾക്ക് സപ്ലൈകോ കൈകാര്യചെലവിനത്തിൽ ക്വിന്റലിന് 214 രൂപ എന്ന നിരക്കിൽ നൽകുന്ന തുകയുടെ മേൽ പൂർണ്ണമായും അഞ്ച് ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തുന്നതിന് ജി.എസ്.ടി. കൗൺസിൽ കൈക്കൊണ്ട തീരുമാനം പിൻവലിക്കണമെന്നും മില്ലുടമകൾ ആവശ്യപ്പെട്ടിരുന്നു.
പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് സംഭരിച്ചുവെച്ച നെല്ല് നശിച്ചുപോയതിനാൽ സപ്ലൈകോയ്ക്കുണ്ടായ നഷ്ടം മൂലം പ്രോസസ്സിംഗ് ചാർജ്ജിനത്തിൽ നൽകേണ്ട 15.37 കോടി രൂപ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അത് അടിയന്തിരമായി അനുവദിച്ചുനൽകണമെന്നും കൈകാര്യച്ചെലവ് ക്വിന്റലിന് 214 രൂപ എന്നതിൽ നിന്ന് 286 രൂപയായി ഉയർത്തണമെന്നും മില്ലുടമകൾ ആവശ്യപ്പെട്ടു.