കൊട്ടാരക്കര എസ്.ജി കോളേജില്‍ എസ്.എഫ്.ഐക്കാരുടെഗുണ്ടാ വിളയാട്ടത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് ക്രൂരരമായമര്ദ്ദനമേറ്റു. അക്രമത്തിന് നേതൃത്വം നല്കിയ എസ്.എഎഫ്.ഐ നേതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. മര്‍ദ്ദനത്തില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ഇജാസിന് മുഖത്തും കണ്ണിനും ചെവിക്കും ഗുരുതരമായ പരുക്കേറ്റു. പ്രാഥമിക പരിശോധനയില്‍ ചെവിക്ക് കേള്‍വിക്കുറവുള്ളതായി കാണുന്നു. ഒരു കണ്ണ് ഇടിച്ചു ചതച്ചു.
കെ.എസ്.യു യൂണിറ്റ് വൈസ്പ്രസിഡന്റ് കൂടിയായ വിദ്യാര്‍ത്ഥിനിയായ ജ്യോത്സനയെ ഒരു പെണ്കുട്ടിയാണെന്നുള്ള പരിഗണന പോലും നല്‍കാതെയാണ് മര്‍ദ്ദിച്ചത്. അടിവയറ്റില്‍ ചവിട്ടേറ്റ വിദ്യാര്‍ത്ഥിനിയെ സ്കാനിംഗിന് വിധേയയാക്കി. കെ.എസ്.യു പ്രവര്‍ത്തകനായ ജസ്റ്റിനും അതി ക്രൂരമായ മര്‍ദ്ദനത്തിനിരയായി.എസ്.എഫ്.ഐ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എസ്.എഫ്.ഐ ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയത്. 20 ഉം 23 ഉം വയസ്സുള്ളവരെ റീ അഡ്മിഷന് നല്കി കോളേജില്‍ എസ്.എഫ്.ഐ വളര്‍ത്തുന്ന കൊടും ക്രിമിനലുകളാണ് ആക്രമണത്തിന് പിന്നിലെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
പുതിയ കുട്ടികളെ ഭയപ്പെടുത്തി തങ്ങളോടൊപ്പം നിര്‍ത്തുക, അല്ലാത്തവരെ റാഗിംഗ് നടത്തി ഭീഷണിപ്പെടുത്തുക, ഇതാണ് കൊട്ടാരക്കര കോളേജില്‍ നടന്നു വരുന്നത്. ഈ മാസം രണ്ടാമത്തെ ആക്രമണമാണ് എസ്.എഫ്.ഐ കെ.എസ്.യുക്കാര്‍ക്ക് നേരേ നടത്തുന്നത്. അക്രമികളെ സഹായിക്കുന്ന നടപടിയാണ് കോളേജ് അധികൃതരുടേയും പോലീസിന്റെയും ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് എം.പി പറഞ്ഞു. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി ഉള്‍പ്പടെ പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പടെയുള്ള കുട്ടികളെ ക്രൂരമായി മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചതില്‍ വധശ്രമത്തിന് കേസെടുക്കണമെന്നും അക്രമികളെ കോളേജില്‍ നിന്നും പുറത്താക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
