അഞ്ചൽ : നിരവധി അബ്കാരി കേസുകളിലും അടിപിടി കേസിലും കവർച്ചാ കേസിലും പ്രതിയായ ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. അഗസ്ത്യക്കോട് കൊച്ചുകുരുവികോണം സൂര്യ വിലാസത്തിൽ സുരേഷ് ആണ് അറസ്റ്റിലായത് . 2004ൽ വാറ്റുചാരായം കൈവശം വച്ച് വിൽപ്പന നടത്തിയതിന് അഞ്ചൽ പോലീസ് പിടികൂടിയ കേസിലെ പ്രതിയായ സുരേഷ് എന്നയാൾ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്നതിനാൽ പിടികിട്ടാപ്പള്ളിയായി കൊട്ടാരക്കര അബ്കാരി കോടതി പ്രഖ്യാപിച്ചിരുന്നു . 2006 ജൂൺ 5 രാത്രി 11 മണിക്ക് അഞ്ചൽ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോയ പുനലൂർ പേപ്പർമിൽ സ്വദേശിയായ സനുവിന്റെ ഓട്ടോ കൈ കാണിച്ച് നിർത്തി ഓട്ടത്തിനാണ് എന്ന് പറഞ്ഞു വിളിച്ചു കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് കഴുത്തിൽ വാൾ വച്ച് ഭീഷണിപ്പെടുത്തി ഓട്ടോ തട്ടിയെടുക്കാൻ ശ്രമിക്കവെ കുതറി ഓടിയ സനുവിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടി പോലീസിൽ അറിയിക്കുകയും ഓട്ടോ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച വടമൺ തുണ്ടുവിളവീട്ടിൽ കൃഷ്ണൻകുട്ടി മകൻ ബിജു , വടമൺ ബിജു വിലാസത്തിൽ സത്യശീലൻ മകൻ ബിജു , അഗസ്ത്യക്കോട് കൊച്ചുകുരുവികോണം സൂര്യ വിലാസത്തിൽ രാമചന്ദ്രൻപിള്ള മകൻ സുരേഷ് എന്നിവരെ അഞ്ചൽ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതിയായ സുരേഷ് കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയി. സുരേഷ് കഴിഞ്ഞ 16 വർഷമായി ഒളിവിലാണ്. മലപ്പുറം ജില്ലയിൽ മോങ്ങം വളമംഗലം എന്ന സ്ഥലത്ത് വനത്തിന് സമീപം റബ്ബർ എസ്റ്റേറ്റിൽ ഒളിവിൽപോയി താമസിക്കുകയായിരുന്നു. രണ്ടു മാസത്തോളമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം ജില്ലയിലെ വളമംഗലം എന്ന സ്ഥലത്ത് സുരേഷ് ഉണ്ടെന്നു പോലീസിന് വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പുനലൂർ DySP വിനോദിന്റെ മേൽനോട്ടത്തിൽ അഞ്ചൽ SHO ഗോപകുമാർ എസ്ഐ പ്രജീഷ് കുമാർ, സിനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ് കുമാർ സിവിൽ പോലീസ് ഓഫീസർ അരുൺ ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പ്രതിയെ വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.