ജനപക്ഷ നിലപാടുകളോടെ നിയമനിർമാണം കാര്യക്ഷമമായി നടത്തുന്ന മഹത്തായ നിയമസഭയാണ് കേരളത്തിന്റേതെന്ന് മുൻ സ്പീക്കർ എം.ബി. രാജേഷ് അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് രാജിക്കത്ത് കൈമാറിയ ശേഷം നിയമസഭ ചേംബറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 മാസമായി സ്പീക്കർ എന്ന നിലയിലുള്ള പ്രവർത്തനം വലിയ അനുഭവവും പാഠവുമായിരുന്നു. ഒരുപാട് കാര്യങ്ങൾ ഈ കാലയളവിൽ പഠിക്കുവാൻ കഴിഞ്ഞു. ഇന്ത്യയിലെ മറ്റേതു നിയമനിർമാണ സഭകളുമായി താരതമ്യം ചെയ്യുമ്പോഴും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. സ്പീക്കറായിരുന്ന കാലയളവിൽ 83 ദിവസങ്ങളാണ് സഭ സമ്മേളിച്ചത്. കഴിഞ്ഞ കലണ്ടർ വർഷത്തിൽ മാത്രം 61 ദിനങ്ങൾ നിയമസഭ സമ്മേളിച്ചു. ഇത് രാജ്യത്ത് തന്നെ ഏറ്റവും കൂടുതലാണ്.
പാർലമെന്റ് സമ്മേളിച്ച ദിനങ്ങൾ കേരളത്തിനെ അപേക്ഷിച്ച് കുറവാണെന്ന് കാണാം. സ്പീക്കർ കാലയളവിൽ 65 നിയമങ്ങൾ പാസാക്കാൻ കഴിഞ്ഞു. ആദ്യഘട്ടത്തിൽ സമയക്രമത്തിൽ നിബന്ധന പാലിച്ചപ്പോൾ സാമാജികർക്ക് അല്പം ആശങ്ക ഉണ്ടായിരുന്നു. എന്നാൽ സമയബന്ധിതമായി സഭാ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാധിച്ചതോടെ ഉദ്ദേശ്യലക്ഷ്യം എല്ലാവർക്കും ബോധ്യമായി. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ഇക്കാലയളവിൽ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.
സർക്കാർ നടപടികൾ പൂർത്തിയാക്കുക എന്നതോടൊപ്പം പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങൾ സഭയിൽ ഉന്നയിക്കാനും അവസരം നൽകിയിട്ടുണ്ട്. സഭാ നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രി, അതോടൊപ്പം പ്രതിപക്ഷനേതാവ് ഡെപ്യൂട്ടി സ്പീക്കർ, മുൻ പ്രതിപക്ഷനേതാവ് അടക്കമുള്ളവർ മികച്ച പിന്തുണയാണ് ഈ കാലയളവിൽ നൽകിയത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ നടത്തിയ വിമൻ ലെജിസ്ളേറ്റിവ് കൗൺസിൽ അർത്ഥപൂർണ്ണമായ പരിപാടിയായിരുന്നു.