സംസ്ഥാനത്തെ ഐ.ടി.ഐകളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐയെ അന്തർദേശീയ നിലവാരത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഐ.ടി.ഐ ആക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം. 16 കോടി ചെലവിൽ നിർമിച്ച ഐ.ടി.ഐയിലെ പുതിയ ബ്ലോക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിലുള്ള മാറ്റങ്ങളാണുണ്ടാകുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത് ഏവരും തിരിച്ചറിയുന്നുണ്ട്. ആറുവർഷം മുമ്പ് അഞ്ചു ലക്ഷം കുട്ടികൾ കൊഴിഞ്ഞുപോയ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇന്നു 10 ലക്ഷം കൂടുതൽ കുട്ടികളാണു പുതുതായി വന്നുചേർന്നത്. 2016നു മുൻപു പൊതു വിദ്യാഭ്യാസമേഖലയെക്കുറിച്ച് വലിയ തോതിൽ ആശങ്കപ്പെട്ടിരുന്ന അവസ്ഥയിൽനിന്ന് ഇന്ന് ഒറ്റ ആളും ആ ആശങ്ക പ്രകടിപ്പിക്കാത്ത നിലയിലേക്കു പൊതുവിദ്യാഭ്യാസമേഖല മാറി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ എത്തുകയാണെണെന്നും മുഖ്യമന്ത്രി പറഞ്ഞു.
